ഐ.എം.ഐ സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയ ഈദ്ഗാഹ്
മസ്കത്ത്: വിവിധ ഭാഗങ്ങളിൽ നടന്ന ഈദ്ഗാഹുകൾ സ്നേഹ സംഗമവേദിയായി. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യമായിരുന്നു ഒമാനിന്റെ വിവിധ ഇടങ്ങളിൽ ഒരുക്കിയിരുന്നത്. പുലർച്ചെതന്നെ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഒഴുകി തുടങ്ങിയിരുന്നു.
ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽനിന്ന്
പ്രസന്നമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ചശേഷം സാഹോദര്യവും സ്നേഹവും കൈമാറിയാണ് അവർ മടങ്ങിയത്. മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ നടന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയതടക്കമുള്ള പണ്ഡിതൻമാരാണ് നേതൃത്വം നൽകിയത്. ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് തൗഫീഖ് മമ്പാട് നേതൃത്വം നൽകി. ഈ പെരുന്നാൾ ഗസ്സക്കവേണ്ടിയുള്ള ഐക്യദാർഢ്യമാണ്, ആ ജനതയടക്കം സ്വന്തം നിലിനിൽപിനുവേണ്ടി പൊരുതുന്ന ഓരോരുത്തരെയും ചേർത്തുപിടിച്ചുള്ളതായിരിക്കണം നമ്മുടെ പെരുന്നാളെന്നും ഈദ് സന്ദേശത്തിൽ അദേഹം ഉണർത്തി.
അമീറാത്ത് സഫ ഷോപ്പിങ്ങിൽനടന്ന ഈദ്ഗാഹിൽ നൗഷാദ് അബ്ദുല്ലാഹ് ഇൗദ് സന്ദേശം നൽകുന്നു
അമീറാത്ത് സഫ ഷോപ്പിങ്ങിൽ നടന്ന ഈദ് ഗാഹിന് നൗഷാദ് അബ്ദുല്ലാഹ്, സീബ് അൽശാദി ഗ്രൗണ്ടിൽ അബ്ദുൽകരീം, ബർക മറീനയിൽ അദ്നാൻ ഹുസൈൻ, ഖദറ അൽ ഹിലാൽ സ്റ്റേഡിയത്തിൽ അഫ്സൽ ഖാൻ, സൂർ ബിലാദിൽ റഹ്മത്തുല്ല മഗ്രിബി, ബൂ അലി അൽ വഹ്ദ സ്റ്റേഡിയത്തിൽ താജുദ്ദീൻ, നിസ്വ അൽ നസർ ഗ്രൗണ്ട് ഖബാഈലിൽ അബ്ദു റഹീം, ഇബ്രി ഗ്രീൻ ലോഡ്ജ് സുലൈഫി സി. അലി എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ നടന്ന ഈദ് ഗാഹ്
ഐ.എം.ഐ സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് കെ.അഷറഫ് മൗലവി നേതൃത്വം നൽകി. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇത്തിഹാദ് ക്ലബ്ബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് ഡാനിഷ് കൊയിലാണ്ടി നേതൃത്വം നൽകി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന് സ്ത്രീകളും സംബന്ധിച്ചു.
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹ്
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടത്തിയ ഈദ്ഗാഹിന് അൽഫഹദ് പൂന്തൂറ, അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ടിൽ അഹ്മദ് സൽമാൻ അൽഹികമി, ബർക്ക മക്ക ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടിൽ നൗഫൽ എടത്തനാട്ടുകര, സുഹാർ ബദർ അൽസമ പോളിക്ലിനിക്കിൽ ഷബീബ് സ്വലാഹി എന്നിവർ കാർമികത്വം വഹിച്ചു.
മസ്കറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ ഈദ്ഗാഹുകൾ സംഘടിപ്പിച്ചു. ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനുശേഷം സ്നേഹത്തിന്റെ സന്ദേശമുയർത്തി വിശ്വാസികൾ ഈദ്ഗാഹുകളിൽ ഒരുമിച്ചുകൂടി. സാമൂഹിക തിന്മയായ ലഹരിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖതീബുമാർ ഉദ്ബോധിപ്പിച്ചു.
അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ അഹ്മദ് സൽമാൻ അൽഹികമി പെരുന്നാൾ സന്ദേശം നൽകുന്നു
സ്ത്രീകളും കുട്ടികളുമടക്കം പ്രാർഥനക്കെത്തിയ ആയിരങ്ങൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് അലി ഷാകിർ മുണ്ടേരി, വാദികബീർ ഇബ്ൻ ഖൽദൂൻ സ്കൂൾ അഷ്കർ നിലമ്പൂർ, സീബ് കാലിഡോണിയൻ കോളജ് ഷമീർ ചെന്ത്രാപ്പിന്നി, സുവൈഖ് ഷാഹി ഫുഡ്സ് സഫർ മാഹി എന്നിവർ ഈദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
ഖുതുബക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും സൗഹൃദം പുതുക്കിയുമാണ് ഓരോ പ്രവാസിയും ഈദ്ഗാഹില്നിന്നും പിരിഞ്ഞു പോയത്.
റുവി അൽ കറാമയിൽ നടന്ന ഈദ്ഗാഹ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.