മസ്കത്ത്: ശൈത്യകാലത്തിന്റെ വരവറിയിച്ച് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടിട്ടും ഒമാനിൽ താപനില കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില 47.9 ഡിഗ്രി സെൽഷ്യസാണ്. ഹംറ അദ് ദുറൂഅ് പ്രദേശത്താണ് ഇത് രേഖപ്പെടുത്തിയത്.
സുനൈനാഹ് (47.5 ഡിഗ്രി), ഫഹൂദ് (4.7 ഡിഗ്രി) ബുറൈമി, ഇബ്രി (46.7 ഡിഗ്രി), അൽ കാമിൽ അൽ വാഫി (46.4 ഡിഗ്രി), മഖ്ശിൻ (46.3 ഡിഗ്രി), അൽ സമൈം (45.9 ഡിഗ്രി) എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത ഉയർന്ന താപനില.
കഴിഞ്ഞ ദിവസങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു ഈ പ്രദേശങ്ങളിലെ താപനില. ആഗസ്റ്റ് മൂന്നാം വാരം മുതൽ തുടർച്ചയായി ലഭിച്ച മഴയാണ് ഇവിടെ താപനില കുറയാൻ കാരണമായത്. മഴ മാറിയതോടെ ചൂട് വീണ്ടും ഉയരുകയായിരുന്നു. ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പവും അനുഭവപ്പെടുന്നുണ്ട്.
ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വേനലിന്റെ കാഠിന്യം കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, താപനിലയിൽ പെട്ടന്നുള്ള കുറവ് ഉണ്ടാകില്ലെന്നാണ് നിലവിലെ കാലാവാസ്ഥ മാറ്റം സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും രാത്രിയിൽ ക്രമാനുഗതമായ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന. ‘അസ്ന’ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പുണ്ട്. ഇത് താപനില കുറയാൻ വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും താഴ്ന്ന താപനില അനുഭവപ്പെട്ടത് ദൽഖൂത്തിലാണ്, 20.7 ഡിഗ്രി സെൽഷ്യസ്. ഖൈറൂൻ ഹിർത്തീ, സൈഖ് എന്നിവിടങ്ങളിൽ 21.7 ഡിഗ്രിയും ശാലിമിൽ 22.4 ഡിഗ്രിയും ഹലാനിയത്തിൽ 23.1 ഡിഗ്രിയും ജഅ്ലൂനി, റാസ് അൽ ഹദ്ദ് എന്നിവിടങ്ങളിൽ 23.8 ഡിഗ്രിയും താഖയിൽ 24.2 ഡിഗ്രിയും ചൂടനുഭവപ്പെട്ടു.
ഖരീഫ് കാലം തുടരുന്ന ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിലും താഴ്ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. അതേസമയം, ചൂട് കാലാവസ്ഥ പരിഗണിച്ച് പുറത്ത് ജോലിയെടുക്കുന്നവർക്ക് മന്ത്രാലയം അനുവദിച്ച മധ്യാഹ്ന വിശ്രമം നാളെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.