എല്ലാ പ്രവാസികൾക്കും നാട്ടിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം. സേവിങ്സ്, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് ഡെപോസിറ്റ് എന്നിവയാണ് ഇതിൽ പ്രധാനം. എന്നാൽ പ്രവാസികളുടെ ഇടയിൽ ഏറ്റവും കൂടുതൽ പരാതി സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് ചാർജുമായി ബന്ധപ്പെട്ടാണ്. നല്ലൊരു തുക ഈ ഇനത്തിൽ പ്രവാസികളിൽനിന്ന് നാട്ടിലെ ബാങ്കുകൾ ഈടാക്കുന്നുണ്ട്.
പലപ്പോഴും പ്രവാസികൾ ഇക്കാര്യം അറിയുന്നുണ്ടാകില്ല. അല്ലെങ്കിൽ അറിഞ്ഞാൽ തന്നെയും സഹിക്കുകയാണ് പതിവ്. കാലാവധി നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് മിനിമം ചാർജ് ഇല്ലാത്തതിന് പിഴ എടുക്കില്ല എന്നൊക്കെ ബാങ്കുകൾ പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. മിക്കവാറും ബാങ്കുകൾ ത്രൈ മാസിക അടിസ്ഥാനത്തിലാണ് ഇത്തരം മെയിന്റനൻസ് ചാർജ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മിനിമം ബാലൻസ് പിഴ ഈടാക്കുന്നത്. ഇതിനൊരു പരിഹാരം വേണ്ടേ ?.
ഒന്നാമതായി, അക്കൗണ്ട് തുടങ്ങാൻ ബാങ്കുകളെ തിരഞ്ഞെടുക്കുന്നതുമുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. മിക്ക പുതുതലമുറ ബാങ്കുകളും സാമാന്യം നല്ല ഒരു തുക മിനിമം ബാലൻസായി ആവശ്യപ്പെടാറുണ്ട്. എന്നാൽ പൊതുമേഖലാ ബാങ്കുകളും, പഴയ തലമുറ സ്വകാര്യ ബാങ്കുകളും വളരെ ചെറിയ തുകയാണ് മിനിമം ബാലൻസായി ആവശ്യപ്പെടുന്നത്. ഈ ബാങ്കുകളിൽ തന്നെയും കൂടുതൽ സൗകര്യങ്ങൾ വേണമെങ്കിൽ, അതായത് എയർപോർട്ട് ലോഞ്ച് തുടങ്ങിയ സേവനങ്ങൾ വേണമെങ്കിൽ കൂടുതൽ തുക മിനിമം ബാലൻസായി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന് നിഷ്കർഷിക്കാറുണ്ട്.
ഒരു സാധാരണ പ്രവാസിയെ സംബംന്ധിച്ചെടുത്തോളം ഇത്തരം ഫാൻസി ആയിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ ആവശ്യകത തീരെ ഇല്ല. മറ്റുള്ളവരെ പത്രാസ് കാണിക്കാൻ വേണ്ടി മേൽപറഞ്ഞ രീതിയിൽ അക്കൗണ്ട് തുടങ്ങി കെണിയിൽ ആകുന്ന ധാരാളം സാധാരണ പ്രവാസികളുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. എസ്.ബി.ഐ ഉൾപ്പെടെ ചില പ്രധാന പൊതു മേഖല ബാങ്കുകൾ മിനിമം ബാലൻസ് നിർബന്ധിക്കുന്നില്ല എന്നതും അറിഞ്ഞിരിക്കുക. സാധാരണ പ്രവാസികൾ ഇത്തരം ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുക എന്നതും ഒരു പരിഹാരമാണ് .
രണ്ടാമതായി ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ, എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുക. അതായത്, മിനിമം ബാലൻസ്, എസ്.എം.എസ് ചാർജ്, ഡെബിറ്റ് കാർഡ് വാർഷിക ഫീസ്, ചെക്ക് ബുക്ക് സൗജന്യമായി ലഭിക്കുന്നത് എത്രയാണ്, ആ ബാങ്കിന്റെ എ.ടി.എം കാർഡ് മറ്റു ബാങ്കിന്റെ എ.ടി.എമ്മിൽ എത്ര തവണ ഒരു മാസം സൗജന്യമായി ഉപയോഗിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കി അക്കൗണ്ട് തുടങ്ങിയാൽ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാം. കഴിയുന്നതും ബാങ്ക് നിഷ്കർഷിച്ചിരിക്കുന്ന മിനിമം തുക അക്കൗണ്ടിൽ ഉറപ്പു വരുത്തുക. ബാങ്കുകൾ ആവറേജ് ബാലൻസ് കണക്കാക്കുന്നത് കൊണ്ട് , ഒന്നോ രണ്ടോ ദിവസം ബാലൻസ് കുറവായാലും ബാക്കിൽ ദിവസങ്ങളിൽ കൂടുതൽ തുക അക്കൗണ്ടിൽ ഇട്ടു ആവറേജ് ബാലൻസ് നിലനിർത്താൻ പറ്റും .
മൂന്നാമതായി, പ്രവാസികൾ നിർബന്ധമായും ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. ഇന്ന് നാട്ടിലെ മിക്കവാറും എല്ലാ സേവനങ്ങളും അതായതു ചിട്ടി തുക, കറണ്ട് ചാർജ് , വാട്ടർ ചാർജ് തുടങ്ങി എല്ലാം ഇന്നു ഇന്റർനെറ്റ് ബാങ്കിങ് വഴി നടത്താവുന്നതാണ്. ചെക്ക് ലീഫ് ഉപയോഗം കുറക്കാൻ ഇത് സഹായിക്കും. എ.ടി.എം ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ എ.ടി.എമ്മിൽനിന്നും ക്യാഷ് എടുക്കാവുന്ന സംവിധാനങ്ങളും നിലവിലുണ്ട് . പ്രവാസിക്ക് നാട്ടിലെ ഭാര്യയുടെയോ മറ്റു ബന്ധുക്കളുടെയോ പേരിൽ ഇന്റർനെറ്റ് വഴി തുക ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ പ്രവാസികൾക്ക് എ.ടി.എം കാർഡും അതിനോടനുബന്ധിച്ച ചാർജുകളും വേണമെങ്കിൽ ഒഴിവാക്കാം. മാസത്തിൽ ഒരിക്കൽ എങ്കിലും അക്കൗണ്ട് പരിശോധിച്ചു, ബാങ്കുകൾ ഇത്തരം ചാർജുകൾ എടുത്തിട്ടില്ല എന്ന് ഉറപ്പു വരുത്തുക. താമസിക്കുംതോറും പ്രശ്നപരിഹാരം നീണ്ട് പോകും.
നാലാമതായി, ബാങ്കുകൾ അന്യായമായി ചാർജുകൾ എടുത്തിട്ടുണ്ടെങ്കിൽ ഉടനെ തന്നെ നിങ്ങളുടെ ബ്രാഞ്ചിൽ ഇ-മെയിൽ വഴി ഒരു പരാതി അയക്കുക. പരിഹാരം ഉണ്ടായില്ലെങ്കിൽ ബാങ്കിന്റെ തന്നെ ഇന്റെർണൽ ഓംബുഡ്സ് മാൻ അല്ലെങ്കിൽ മറ്റു ഉയർന്ന അധികാരികൾക്ക് ഇ- മെയിൽ വഴി പരാതി അറിയിക്കുക. മിക്കവാറും അവർ വേണ്ടത് ചെയ്യും. ഇല്ലെങ്കിൽ പരാതി കൊടുത്തു മുപ്പതു ദിവസം കഴിഞ്ഞു ബാങ്കിങ് ഓംബുഡ്സ്മാന് പരാതി കൊടുക്കുക. ഓൺലൈൻ ആയി കൊടുക്കാം. അതുമല്ലെങ്കിൽ കോൺസുമെർ ഫോറത്തിൽ നഷ്ട പരിഹാരം തേടി പരാതി കൊടുക്കാം. മേൽപറഞ്ഞ രണ്ടു കാര്യത്തിനും ചാർജുകൾ ഇല്ല. അൽപം മെനക്കെടണം. കുറച്ചു ആളുകൾ എങ്കിലും ഇങ്ങനെ ചെയ്താൽ അന്യായമായി ചാർജുകൾ എടുക്കുന്ന ബാങ്കുകൾക്ക് ഇതൊരു പാഠമായിരിക്കും.
ബാങ്കുകൾ ധാരാളം സേവനങ്ങൾ സൗജന്യമായി നൽകുന്നുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. ഇന്റർനെറ്റ് സേവനങ്ങൾ, പരിധിക്കു വിധേയമായി എ.ടി.എം സേവനങ്ങൾ,ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവ സൗജന്യമാണ് . അതുകൊണ്ട് ചെറിയ ഒരു തുക മിനിമം ബാലൻസ് അക്കൗണ്ടിൽ ഉണ്ടാകണം എന്ന് പറയുന്നതിൽ തെറ്റില്ല. മാത്രവുമല്ല ഈ തുകക്ക് ചെറിയ പലിശയും ബാങ്ക് തരുന്നുണ്ട് . ഓരോ പ്രാവശ്യം നാട്ടിലേക്കു പണമയക്കുമ്പോഴും മുഴുവൻ തുകയും പിൻവലിക്കാതെ ഒരു ചെറിയ തുക അഞ്ഞൂറോ ആയിരമോ കുറച്ചു അക്കൗണ്ടിൽനിന്നും എടുക്കുക. ഇങ്ങനെ നിങ്ങൾ ബാങ്കിൽ ഇടുന്ന തുക ഒരു അത്യാവശ്യം വരുമ്പോൾ എടുക്കാം. ഒരു സേവനങ്ങളും ഇനിയുള്ള കാലങ്ങളിൽ സൗജന്യമായി കിട്ടുമെന്ന് കരുതേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.