മസ്കത്ത്: താപനിലയിൽ പ്രകടമായ ഇടിവ് വന്നതോടെ രാജ്യത്ത് തണുപ്പ് വർധിച്ചുതുടങ്ങി. ചില പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒരു ഡിഗ്രി സെൽഷ്യസിൽ താഴെവരെ താപനില രേഖപ്പെടുത്തി. മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിലെ ‘അൽ-സെ’ പർവത പ്രദേശത്ത് താപനില 0.9 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് താമസക്കാരനായ അബ്ദുല്ല അൽ ഷെഹി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ്. 3.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. മുഖ്ഷിൻ നാല്, അൽ മസ്യൂന 5.6, തുംറൈത്ത് 7, മഹ്ദ 7.8, യാങ്കുൾ 8.3 ഡിഗ്രി സെൽഷ്യസുമായിരുന്നു മറ്റിടങ്ങളിലെ താപനില.
ഞായറാഴ്ച വരെ തണുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ മെറ്റ് ഓഫിസ് അറിയിച്ചു. പർവ്വത പ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകും.
ഉയർന്ന കാറ്റ്, പ്രക്ഷുബ്ധമായ കടൽ, ദൃശ്യപരത കുറയൽ എന്നിവയിൽനിന്നുള്ള അപകടസാധ്യതകൾ കാരണം ഈ പ്രദേശങ്ങളിൽ യാത്രക്കാർ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റും കടൽക്ഷോഭവുമുള്ള സമയങ്ങളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽനിന്ന് വിട്ട് നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മസ്കത്ത് അടക്കം പല ഭാഗത്തും പകൽ സമയത്തുപോലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
രാത്രികാലങ്ങളിൽകമ്പിളി വസ്ത്രങ്ങൾ അണിഞ്ഞാണ് പലരും പുറത്തിറങ്ങുന്നത്. തണുപ്പ് കാരണം രാത്രി കാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നതും കുറഞ്ഞിട്ടുണ്ട്. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങൾക്കും തണുപ്പ് കാല വസ്ത്രങ്ങൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഒമാനിൽ തണുപ്പ് കാര്യമായി ബാധിക്കാത്തതിനാൽ ഇത്തരം വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കുറവായിരുന്നു.
ദിവസങ്ങൾക്കുമുമ്പ് വടക്കൻ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. മഴക്കുശേഷമാണ് പല ഭാഗത്തും കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. കുളിക്കാനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുമായി പലരും ഹീറ്ററിട്ടാണ് വെള്ളം ഉപയോഗിക്കുന്നത്.
തണുപ്പ് കാലത്ത് സാധാരണ കണ്ടുവരാറുള്ള രോഗങ്ങൾക്കെതിരെ ജാഗ്രതപാലിക്കമെന്നും തണുപ്പിനെ പ്രതിരോധിക്കാനായി തണുപ്പ് വസ്ത്രങ്ങളും മറ്റും ഉപയോഗിക്കണമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.