മസ്കത്ത്: വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രയാസമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ഒമാൻ. 80 ടണ്ണിലധികം അവശ്യവസ്തുക്കളും വൈദ്യസഹായവും എത്തിച്ചു. ലിബിയൻ റെഡ് ക്രെസന്റിനാണ് സഹായങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) അറിയിച്ചു. പ്രത്യേക വിമാനത്തിലായിരുന്നു സാധനങ്ങൾ എത്തിച്ചത്.
ലിബിയയിലേക്ക് സഹായമെത്തിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അടിയന്തര നിർദേശം നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നും വിവിധ പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി സുൽത്താനേറ്റ് നടത്തുന്ന മാനുഷിക സംരംഭത്തിന്റെ ഭാഗമായാണ് സഹായം.
സംഭവത്തിൽ അനുശോചിച്ച് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മാൻഫിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് കേബിൾ സന്ദേശവും അയച്ചിരുന്നു. വടക്കൻ ലിബിയയിലെ പ്രളയത്തിൽ 3958 പേർ മരിച്ചുവെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. യു.എൻ ഓഫിസ് ഫോർ ദ കോഓഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) ആണ് പുതുക്കിയ കണക്ക് പുറത്തുവിട്ടത്. 9000 പേരെയാണ് പ്രളയത്തിൽ കാണാതായത്. പ്രളയത്തിൽ 11,300 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് നേരത്തെ യു.എൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണക്ക് യു.എൻ പുറത്തുവിട്ടത്.
ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 71 ദശലക്ഷം ഡോളറിന്റെ സഹായം വേണമെന്നാണ് യു.എൻ മാനുഷിക കാര്യ ഓഫിസ് അറിയിച്ചത്. അവശ്യ മരുന്നുകൾ, ശസ്ത്രക്രിയ സാമഗ്രികൾ അടക്കം കിഴക്കൻ ലിബിയയിലെ ഏകദേശം 2,50,000 ആളുകൾക്ക് അടിയന്തര സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടന നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരം തൊട്ട സെപ്റ്റംബർ ഒമ്പതിന് രാത്രിയാണ് 1,20,000 ജനസംഖ്യയുള്ള ഡെർന നഗരത്തിന് പുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർന പുഴ കവിഞ്ഞത് പ്രളയത്തിന് കാരണമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.