മസ്കത്ത്: ജിസിസി വാർത്താവിതരണ മന്ത്രിമാരുടെ 26ാമത് യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്നു. നിലവിലെ സെഷന്റെ ചെയർമാനും ഒമാൻ വാർത്താവിതരണ മന്ത്രിയുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ജി.സി.സി രാജ്യങ്ങളിലെ മാധ്യമ രംഗത്തെ പൊതു താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു തന്ത്രം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.
മികച്ച ഇലക്ട്രോണിക് മീഡിയ ഉള്ളടക്കം, ഡിജിറ്റൽ പരസ്യങ്ങൾ, സോഷ്യൽ മീഡിയയിലെ ലൈസൻസുകൾ എന്നിവയ്ക്കായി പൊതുവായ നിർണ്യക ഘടകങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് യോഗം സ്പർശിച്ചു.
മാധ്യമ സേവനങ്ങൾ പ്രദർശിപ്പിക്കുന്ന വാർത്ത ഏജൻസികൾക്കായി സംയുക്ത ഇലക്ട്രോണിക് ആപ്പ് വികസിപ്പിക്കാനുള്ള നിർദ്ദേശവും മന്ത്രിമാർ മുന്നോട്ടുവെച്ചു. ഫലസ്തീനിലെ ഗുരുതരമായ സംഭവവികാസങ്ങളും ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളും യോഗം ചർച്ച ചെയ്തു. ചൊവ്വാഴ്ച മസ്കത്തിൽ നടന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര സെഷനിൽ ഫലസ്തിനെ പിന്തുണക്കുമെന്ന പ്രഖ്യാപനം മന്ത്രിമാർ ആവർത്തിച്ചു.
ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിലും അവർക്കെതിരായ അതിക്രമങ്ങൾ വെളിപ്പെടുത്തുന്നതിലും മാധ്യമങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ച് ഒമാൻ യോഗത്തിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.