മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന്റെ പേരാട്ട ഭൂമിയിലേക്ക് റെഡ്വാരിയേഴ്സ് പറന്നിറങ്ങി. ബുധനാഴ്ചയാണ് ഒമാൻ ടീം കുവൈത്തിലെത്തിയത്. ഒമാന്‍ എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ശിഹാബ് ബിന്‍ സാലം അല്‍ റവാസിന്റെ നേതൃത്വത്തിൽ ഉഷ്മള വരവേൽപ്പാണ് കുവൈത്തിൽ കോച്ച് റഷീദ് ജാബിറിനും സംഘത്തിനും ലഭിച്ചത്. കുവൈത്ത് അധികൃതരും ഒമാന്‍ എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോച്ചിന് കീഴിൽ ഒമാൻ ടീം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് മുഹ്സിന് ബിന്‍ ഹമദ് അല്‍ മസ്റൂറിയും മറ്റു അംഗങ്ങളും പിന്തുണയായി കൂടെയുണ്ട്.
പോരാട്ടത്തിന് വേദിയുണരുന്നതിന് മുമ്പ് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള മികച്ച അവസരമായാണ് ടീം പരിശീലനത്തെ കാണുന്നത്. അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരാണുള്ളത്.
ഡിസംബർ 21ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെ ഒമാന്റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരെയുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾ വരുന്നത്. പരിചയസമ്പന്നതക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. മസ്കത്തിൽ നടന്ന പരിശീലന ക്യാമ്പിലും യമനെതിരെ നടന്ന സൗഹൃദ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന്.
ഒമാന്റെ ഒളിമ്പിക്, അണ്ടര്‍ 20 ടീമുകളില്‍ നിന്നുള്ളവരാണ് യുവതാരങ്ങൾ. സമീപകാലത്ത് താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വാതിൽ തുറന്നത്. ടീമിന്റെ മുന്നൊരുക്കങ്ങളില്‍ പരിശീലകന് റശീദ് ജാബിറും തൃപ്തി രേഖപ്പെടുത്തി. മികച്ച പ്രകടനം പുറത്തെടുത്ത് കഴിഞ്ഞ വർഷം കൈവിട്ട അറേബ്യൻ ഗൾഫ് കപ്പ് തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.