മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ കഴിഞ്ഞദിവസം പെയ്തത് കനത്ത മഴ. അടുത്തകാലത്തൊന്നും ഇത്ര ശക്തമായ മഴ റൂവി, ഗൂബ്ര, ഖുറം ഭാഗങ്ങളിൽ പെയ്തിട്ടില്ല. നേരെത്തെ ശഹീൻ ചുഴലിക്കാറ്റിന്റെ സമയത്തും ശക്തമായ മഴ ഈ ഭാഗങ്ങളിൽ പെയ്തിരുന്നെങ്കിലും ഇത്ര രൂക്ഷമായിരുന്നില്ല. പലയിടത്തും വാഹനങ്ങൾ മുങ്ങിപ്പോയി. ചൊവ്വാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മസ്കത്തുൾപ്പെടെയുള്ള ഗവർണറേറ്റുകളിലെ സ്കൂളുകൾക്ക് അധികൃതർ അവധി നൽകിയത് ആശ്വാസമായി. എന്നാൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നില്ല. പലരും ഓഫിസിലേക്കും ജോലിസ്ഥലത്തേക്കും പോകുന്ന സമയത്താണ് മഴ പെയ്തത്.
സ്വകാര്യ ആവശ്യാർഥം സീബിലേക്കു പോയ റൂവി സ്റ്റാർ സിനിമ ജീവനക്കാരനായ സുരേഷ് പറയുന്നത് ശക്തമായ മഴയിൽ എന്താണ് സംഭവിക്കുന്നത് എന്നു പോലും മനസ്സിലായില്ലെന്നാണ്. വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ശക്തമായ മഴ പെയ്തതിൽ റൂവിയിലെ ഹംരിയ പരിസരം വെള്ളക്കെട്ടിൽപെടുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം സാഹചര്യം ഇല്ലെന്നാണ് ഹംരിയ ഭാഗത്തു താമസിക്കുന്നവർ പറയുന്നത്. വെള്ളം ഒഴുകാനും അപകടം ഒഴിവാക്കാനും സർക്കാർ ഒരുക്കിയ സംവിധാനത്തിന്റെ ഫലമാണിതെന്നാണ് ആളുകൾ പറയുന്നത്. രാവിലെതന്നെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടായതിനാൽ അധികം ആളുകൾ ഒന്നും തന്നെ ജോലിക്കു പോയില്ല. പ്രത്യേകിച്ചും നിർമാണ മേഖലയിൽ ജോലിചെയ്യുന്ന ബംഗ്ലാദേശ്, പാകിസ്താനി സ്വദേശികൾ.
ഈ രാജ്യത്തുനിന്നുള്ള പ്രവാസികൾ മഴ ശരിക്കും ആസ്വദിക്കുകയായിരുന്നു. അതേസമയം ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മികവിനെ പ്രശംസിച്ച് ഒട്ടനവധി ആളുകൾ സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകളിട്ടു. ന്യൂനമർദം രൂപപ്പെട്ടതിനാൽ മഴ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുകൾ ശരിവെച്ചുകൊണ്ട് പ്രവചിച്ച എല്ലാ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.