ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകമെമ്പാടുമുള്ള സര്‍വകലാശാലകള്‍ക്കും വിദ്യാർഥികള്‍ക്കും മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അധികാരികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്
സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ഉന്നത വിദ്യാഭ്യാസരംഗം കഴിഞ്ഞ കുറെ കാലങ്ങളായി വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആധുനികതയും വിജ്ഞാനവും മൂലധനമാക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല. പുതിയ സര്‍വകലാശാലകള്‍, കോളജുകള്‍, പ്രോഗ്രാമുകള്‍ എന്നിവയിലൂടെ വലിയ ലക്ഷ്യങ്ങളാണ് യാഥാര്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഈ അടുത്തകാലത്തായി വിദ്യാഭ്യാസ രംഗത്തെ ഇത്തരം മാറ്റങ്ങള്‍ക്ക് പുതിയ ഗതിവേഗം കൈവന്നിരിക്കുന്നു.
ഇ-ലേണിങ്, നിര്‍മിത ബുദ്ധി
വ്യാവസായിക, സാമൂഹിക ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി പുതിയ ഗവേഷണ കോഴ്സുകളും പ്രോഗ്രാമുകളും രൂപവത്കരിക്കപ്പെട്ടത് സര്‍വകലാശാലകളിലേക്ക് കൂടുതല്‍ വിദ്യാർഥികളെ ആകര്‍ഷിക്കുന്നു. ആധുനിക വിഷയങ്ങള്‍ വിദ്യാർഥികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. അധികാരികളുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നയങ്ങളും നടപടികളും തീര്‍ച്ചയായും ഈ രാജ്യത്തിന്റെ പുരോഗതിയെ വളരെ ഗുണകരമായി ബാധിക്കുന്നവയാണ്. ഇ-ലേണിങ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, നിര്‍മിത ബുദ്ധി തുടങ്ങിയവ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രധാന ബോധനമാര്ഗമാവുകയാണ്. ഈ വിദ്യാഭ്യാസരംഗത്ത് ലോകമെമ്പാടുമുള്ള സര്‍വകലാശാലകള്‍ക്കും വിദ്യാർഥികള്‍ക്കും മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അധികാരികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിദ്യാർഥികളെ ആകര്‍ഷിക്കുന്നു എന്നു മാത്രമല്ല അവര്‍ക്ക് മറ്റു വിദേശ രാജ്യങ്ങളിലെ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
1986ല്‍ സ്ഥാപിതമായ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയാണ് ഒമാനിലെ വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കേവലം 500 വിദ്യാർഥികളുമായി തുടങ്ങിയ യൂനിവേഴ്സിറ്റിയില്‍ ഇപ്പോള്‍ ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നു. ഇതുകൂടാതെ നിരവധി സ്വകാര്യ യൂനിവേഴ്സിറ്റികളും ഒമാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മാനവിക സമ്പത്തിന്റെ താക്കോല്‍ സ്ഥാനം വഹിക്കുന്ന ഈ സര്‍വകലാശാലകളില്‍ ധാരാളം യുവതീ യുവാക്കള്‍ ഭാവി കരുപ്പിടിപ്പിക്കുന്നു.
മികച്ച തൊഴില്‍ അവസരങ്ങള്‍
ഗവേഷണ മേഖലക്ക് പ്രാധാന്യം നല്‍കുന്നതിന് ഒമാനിലെ സര്‍വകലാശാലകള്‍ പലതരത്തിലുള്ള ധനസഹായം നല്‍കിവരുന്നുണ്ട്. രാജ്യാന്തര ഗവേഷണ പങ്കാളിത്തത്തിലൂടെ പഠന ഗവേഷണങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും അവസരങ്ങള്‍ ലഭ്യമാകുന്നു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്ക്കുമാത്രമേ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസ നയം രൂപവത്കരിക്കാന്‍ സാധിക്കുകയുള്ളൂ. അതിന്റെ മികച്ച ഉദാഹരണമാണ് ഇപ്പോള്‍ ഒമാനിലെ സര്‍വകലാശാലകള്‍ മുന്നോട്ടുവെക്കുന്ന വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍. വിദ്യാർഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന് നിലവാരമുള്ള അനേകം നൂതന സാങ്കേതിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാമുകള്‍ ലഭ്യമാക്കിയിരിക്കുന്നു.
രാജ്യത്തെ നിരവധി വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്, ഇവരുടെ തൊഴില്‍ സാധ്യതയെ ഉറപ്പാക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ശ്രദ്ധിക്കുന്നു. `ഇന്‍ഡസ്ട്രി ബേസ്ഡ് അക്കാദമിക്' സഹകരണത്തിന് മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് വിദ്യാര്‍ഥികളെ വിവിധ പരീക്ഷകളില്‍ മികവ് പുലര്‍ത്തുന്നതിന് സഹായിക്കുന്ന രീതിയിലാണ് രാജ്യത്തെ കോഴ്സുകളും അനുബന്ധ പ്രോഗ്രാമുകളും എന്നുള്ളത് എടുത്തുപറയേണ്ടതാണ്.
ടെക്നോളജി മുന്നേറ്റത്തിലൂടെ വികസനം
നിലവില്‍ ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ അനുവദിച്ചിരിക്കുന്നത് ഏറെ നേട്ടമായി. ടെക്നോളജി മുന്നേറ്റത്തിലൂടെ രാജ്യത്തിന്റെ വികസനത്തിനു മുന്‍തൂക്കം നല്‍കിയുള്ള വിദ്യാഭ്യാസ നയ പരിഷ്കരണം വളരെ ഗുണകരമാകുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആതുര സേവനരംഗത്ത് ചരിത്രപരമായ നേട്ടങ്ങളാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കി എല്ലാ വര്‍ഷവും പ്രസ്തുത വിഭാഗങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നു.
സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖിന്റെ നേതൃത്വത്തിലുള്ള ഭരണം ഈ മേഖലയിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ഉന്നത വിദ്യാഭ്യാസരംഗത്തെ രാജ്യത്തിന്റെ ശക്തിയും അഭിമാനവുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സുല്‍ത്താന്റെ പ്രത്യേക താല്പര്യത്തില് ഗവേഷണ മേഖലയില്‍ ധാരാളം പുതിയ ധനസഹായ പദ്ധതികള്‍ ആരംഭിക്കുകയും രാജ്യത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്തുവരുന്നു. ഇത് യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള വാതായനങ്ങള്‍ തുറക്കുകയാണ്.
വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം ജീവിതവിജയം കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. പഠനശേഷം നല്ല ജോലി ലഭ്യമാവുക എന്നുള്ളത് പ്രധാനമാണ്. സുല്‍ത്താന്റെ ദീര്‍ഘവീക്ഷണവും മറ്റ് ഭരണാധികാരികളുടെ സഹകരണവും കൂടിയായപ്പോള്‍ ഓരോ വിദ്യാർഥിക്കും പഠനത്തെത്തുടര്‍ന്ന് അഭിരുചിക്കനുസൃതമായ ജോലിയും ഉറപ്പാകുന്നു എന്നത് ഈ രാജ്യത്തെ വിദ്യാഭ്യാസ നയത്തിന്റെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.