മസ്കത്ത്: ഇന്നു മുതൽ ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരത് ദിവസിൽ ഒമാനിൽനിന്ന് പങ്കെടുക്കുന്നത് നൂറിലധികംപേർ. പ്രവാസി ഭാരത് ദിവസ് പോർട്ലിൽ 300ലധികംപേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളിൽനിന്നുള്ളവർ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖർ, വ്യവസായ പ്രമുഖർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ വർഷം കൺവെൻഷനിൽ പാനൽ ചർച്ചയിൽ ഒമാനിൽനിന്നുള്ള രണ്ട് വിശിഷ്ട അംഗങ്ങൾ സംസാരിക്കും. ‘പ്രവാസ യുവജന നേതൃത്വം’ എന്ന വിഷയത്തിൽ പ്ലീനറി സെഷൻ ഒന്നിൽ ഗൾഫർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ് എസ്.എ.ഒ.ജി വൈസ് ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ് അലിയും പ്ലീനറി സെഷൻ അഞ്ചിൽ ‘ഡയസ്പോറ ഡയലോഗ്സ്: സ്റ്റോറീസ് ഓഫ് കൾച്ചർ, കണക്ഷൻ, ബിലോങിങ്’ എന്ന വിഷയത്തിൽ ദീപം ഒഡീസ്സി അക്കാദമിയുടെ സ്ഥാപക ഡയറക്ടർ ഐശ്വര്യ ഹെഗ്ഡെയും സംസാരിക്കും.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ ഇന്ത്യയിലെ ഭുവനേശ്വറിൽ ആണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ഒമ്പതിതിന് സമ്മേളനം ഉദ്ഘാടനംചെയ്യും. ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാംഗലു സമ്മേളനത്തെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യും.
വികസിതഭാരതത്തിന് പ്രവാസികളുടെ സംഭാവന എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. അമ്പതിലേറെ രാജ്യങ്ങളിൽനിന്നായി വൻകിട ബിസിനസുകാരും സംരംഭകരും സാമ്പത്തികവിദഗ്ധരുമുൾപ്പെടെ പങ്കെടുക്കും. പത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ വിതരണംചെയ്യും. ഒഡിഷ സർക്കാരിന്റെ പങ്കാളിത്തത്തോടെ കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽ നിന്നും പങ്കെടുക്കുന്നവരുടെ സംഗമം മസ്കത്ത് ഇന്ത്യൻ എംബസിയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. അംബാസഡർ അമിത് നാരങിന്റെ നേതൃത്വത്തിലാണ് സംഗമം. രാജ്യാന്തരതലത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ വംശജരെ ഒരുമിപ്പിച്ച് ഒരേ വേദിയില്‍ എത്തിച്ച് കൊണ്ടുള്ള വലിയ ആഘോഷ പരിപാടികളാണ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാന്‍ ഇത്തരത്തിലുള്ള വേദി സഹായിക്കുമെന്നും ഒമാനിൽ നിന്നും കൂടുതൽ പേർ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനകരമാണെന്നും അംബാസഡർ പറഞ്ഞു.
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ചരിത്രം വിശദീകരിക്കുന്ന പ്രദർശനം പ്രവാസി ഭാരത് ദിവസിൽ പ്രദർശിപ്പിക്കും. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയും ഒമാനിലെ മസ്കത്ത് ഇന്ത്യൻ എംബസിയും സംയുക്തമായി സഹകരിച്ചായിരുന്നു ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ചരിത്രരേഖകൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്തത്. ഇവയാണ് മൂന്ന് ദിവസത്തെ പ്രവാസി ഭാരത് ദിവസിൽ പ്രതിനിധികൾക്കായി കാണാനാകുക. പ്രദർശന ഭാഗമായി ഒമാനിലെ ഹിന്ദു മഹാജൻ കുടുംബങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധിയും സുൽത്താനേറ്റിൽനിന്നുള്ള സംഘത്തിലുണ്ടാകും.
വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിൽ സുപ്രധാനമായ ചുവടുവെപ്പായിരുന്നു ഡിജിറ്റലൈസേഷൻ പദ്ധതി. ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ചരിത്രരേഖകൾ ആർക്കൈവ് ചെയ്യുന്നതിനായി എൻ.എ.ഐ മസ്കത്ത് ഇന്ത്യൻ എംബസിയുമായി സഹകരിച്ചായിരുന്നു പരിപാടികൾ നടത്തിയിരുന്നത്. പ്രവാസികളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ആർക്കൈവ് ചെയ്യുന്നതിനുമുള്ള നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യ വിദേശ പദ്ധതിയായിരുന്നു ഇത്.
‘ഒമാൻ ശേഖരം: ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആർക്കൈവൽ ഹെറിറ്റേജ്’ എന്നപേരിൽ പ്രത്യേക ഡിജിറ്റലൈസേഷനും വാക്കാലുള്ള ചരിത്ര സംഭവങ്ങളുടെ രേഖപ്പെടുത്തലും കഴിഞ്ഞ വർഷം മേയ് 19മുതൽ 27 വരെ മസ്കത്തിലെ ഇന്ത്യൻ എംബസി പരിസരത്ത് ആയിരുന്നു നടന്നത്. ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള 32 പ്രമുഖ ഇന്ത്യൻ കുടുംബങ്ങൾ പങ്കെടുത്തു. ഇവരിൽ പലരും തലമുറകളായി 250 വർഷത്തിലേറെയായി ഒമാനിൽ താമസിച്ചു വരുന്നവരാണ്.
ആദ്യകാലത്തെ ഇന്ത്യൻ വ്യാപാരി കുടുംബങ്ങളുടെ സ്വകാര്യ ശേഖരങ്ങളിൽനിന്നുള്ള ഇംഗ്ലീഷ്, അറബിക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലുള്ള 7000ലധികം രേഖകൾ ഈ പദ്ധതിക്ക് കീഴിൽ സ്കാൻ ചെയ്ത് ഡിജിറ്റിലൈസ് ചെയ്തിട്ടുണ്ട്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് 1838 മുതലുള്ളതാണ്. എന്നാൽ ഭൂരിഭാഗവും 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ളവയാണ്. വ്യക്തിഗത ഡയറികൾ, അക്കൗണ്ട് ബുക്കുകൾ, ലഡ്ജറുകൾ, ടെലിഗ്രാമുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, കത്തിടപാടുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങി സുൽത്താനേറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും കൗതുകകരമായ വെളിച്ചം വീശുന്ന വിവിധ രേഖകളാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളവയിലുള്ളത്.
സുൽത്താനേറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാംസ്കാരിക സമ്പ്രദായങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, വ്യാപാരം, വാണിജ്യം, ഒമാനി സമൂഹത്തിലേക്കുള്ള അവരുടെ സംഭാവനകൾ, സംയോജനം, വിദേശത്തുള്ള ഇന്ത്യൻ പാരമ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള ചരിത്രത്തിന്റെ വിവരണം ഈ രേഖകളിൽ കാണാൻ കഴിയും. ഡിജിറ്റലൈസ് ചെയ്ത രേഖകൾ ആർക്കൈവ് ചെയ്ത് എൻ.എ.ഐയുടെ ഡിജിറ്റൽ പോർട്ടലായ ‘അഭിലേഖ് പതലിൽ’ അപ്ലോഡ് ചെയ്യും. ഈ രേഖകൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യും.
ചരിത്ര രേഖകളുടെ ഡിജിറ്റലൈസേഷനു പുറമേ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ മുതിർന്ന അംഗങ്ങളുടെ വാക്കാലുള്ള ചരിത്രങ്ങളുടെ റെക്കോർഡിങ്ങും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഇത് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വാക്കാലുള്ള ചരിത്ര പദ്ധതിയാണ്. നേരിട്ടുള്ള വിവരണങ്ങൾ, വ്യക്തിഗത സംഭവവികാസങ്ങൾ, കുടിയേറ്റ അനുഭവങ്ങൾ, ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ പതിറ്റാണ്ടുകളായി പരിണാമം എന്നിവയുൾപ്പെടെ നിരവധി കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതാദ്യമായാണ് വിദേശത്ത് നിന്ന് പ്രവാസി രേഖകളുടെ സ്വകാര്യ ആർക്കൈവുകൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത്.
നിലവിൽ ഒമാനിൽ ഏകദേശം 700,000 ഇന്ത്യക്കാരാണുള്ളത്. ഇന്ത്യയും ഒമാനും 5000 വർഷം പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ സമ്പന്നമായ ഇഴയടുപ്പം കാത്തുസൂക്ഷികുന്ന രാജ്യങ്ങളാണ്. മാണ്ഡവി, സൂറത്ത്, ഗുജറാത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നടക്കമുള്ള നിരവധി വ്യാപാരി കുടുംബങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ സൂർ, മത്ര, മസ്കത്ത് എന്നിവിടങ്ങളിൽ താമസിച്ച് വരുന്നുണ്ട്. അവർ ഒമാനി സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. പലരും ഒമാനി പൗരന്മാരായി. മാത്രമല്ല മാതൃരാജ്യമായ ഇന്ത്യയുമായി ശക്തമായ ബന്ധം അവർ നിലനിർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.