മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഫെബ്രുവരി 28ന് പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 26 മുതലാണ് പുതിയ അധ്യയനവർഷത്തിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചത്.
തലസ്ഥാനനഗരിയിലെ മസ്കത്ത്, ദാർസൈത്ത്, വാദീകബീർ, അൽ ഗുബ്റ, സീബ്, മാബേല, ബോഷർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടികളാണ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നത്. സ്കൂൾ പ്രവേശനത്തിന് പൊതുവെ തള്ളിക്കയറ്റം കുറവാണെന്നാണ് അറിയാൻ കഴിഞ്ഞത്.
കെ.ജി മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് (http://indianschoolsoman.com/our-services/admission-2022-23/) രജിസ്റ്റർ ചെയ്യേണ്ടത്. 2022 ഏപ്രിൽ ഒന്നിന് മൂന്നു വയസ്സ് പൂർത്തിയാകുന്ന കുട്ടികൾക്ക് കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകും. റെസിഡന്റ് വിസയുള്ള ഇന്ത്യയിലെയും മറ്റ് പ്രവാസിസമൂഹങ്ങളിലെയും കുട്ടികൾക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതിചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.