ഇന്ത്യന്‍ സ്കൂള്‍ പ്രവേശനത്തിന്  5200ലധികം അപേക്ഷകര്‍

രണ്ടുവര്‍ഷത്തോടെ മസ്കത്ത് മേഖലയിലെ വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍
മസ്കത്ത്: കാപിറ്റല്‍ ഏരിയയിലെ ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള  അപേക്ഷകരുടെ എണ്ണം 5200 കവിഞ്ഞു. അതിനാല്‍, ഈ വര്‍ഷം അപേക്ഷിക്കുന്ന 60 ശതമാനത്തിലധികം  കുട്ടികള്‍ക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകളിലായിരിക്കും പ്രവേശനം ലഭിക്കുക. 
സ്കൂള്‍ പ്രവേശനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 15ന് മുമ്പ് നടക്കും. രണ്ടാം നറുക്കെടുപ്പ് മാര്‍ച്ച് അവസാനത്തോടെയുണ്ടാകും. 
ഈ വര്‍ഷം മൂന്നാം നറുക്കെടുപ്പും വേണ്ടിവരും. നിലവില്‍ മസ്കത്ത് മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളില്‍ 3000 സീറ്റുകളാണ് ഒഴിവുള്ളത്. ബാക്കിവരുന്ന 2200ലധികം കുട്ടികള്‍ക്ക് സീറ്റുകള്‍ നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നും ഇതൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുമെന്നും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ വി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. 
ഇതിനായി സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന്‍െറ പ്രത്യേക ടീം സ്കൂള്‍ മാനേജ്മെന്‍റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞവര്‍ഷം രണ്ടു സ്കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ പണിതിരുന്നു. അതിനാല്‍, രാവിലത്തെ ഷിഫ്റ്റില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനും കഴിഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം സ്കൂളുകള്‍ പുതിയ കെട്ടിടങ്ങളൊന്നും പണിയാത്തതിനാല്‍ രാവിലത്തെ ഷിഫ്റ്റില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍, അല്‍ ഗൂബ്ര ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഗൂബ്ര ഒഴികെയുള്ള ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിന് അധികൃതര്‍ നേരത്തേ അനുവാദം തന്നിട്ടുണ്ടെന്നും ഇത് ഒരു പരിധിവരെ പരിഹാരത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞവര്‍ഷം ഷിഫ്റ്റിനുള്ള അംഗീകാരം ഉപയോഗപ്പെടുത്തേണ്ടിവന്നിരുന്നില്ല. കഴിഞ്ഞവര്‍ഷം കുട്ടികള്‍ക്ക്  പ്രവേശനം നല്‍കിയ ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് അല്‍ ഗൂബ്ര ശാഖയില്‍ സ്ഥലപരിമിതി മൂലം ഈ വര്‍ഷം പ്രവേശനം നല്‍കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. 
സാധ്യമായ രീതിയില്‍ അധിക സീറ്റുകള്‍ ഉണ്ടാക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പുതിയ അധ്യാപകരെ നിയമിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളും നേരത്തേ പൂര്‍ത്തിയാക്കുകയും വേണം.
ഈ വര്‍ഷം പുതുതായി പ്രവേശനത്തിനത്തെുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ചില സ്വകാര്യ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയത് അപേക്ഷകര്‍ വര്‍ധിക്കാന്‍ കാരണമായി. 
കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്‍.കെ.ജി, യു.കെ.ജി ക്ളാസുകളിലെ കുട്ടികളെ വീടിനടുത്തുള്ള സ്വകാര്യ സ്കൂളുകളില്‍ ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. 
എന്നാല്‍, ഇപ്പോള്‍ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ക്കുന്നതിനാണ് രക്ഷാകര്‍ത്താക്കള്‍ താല്‍പര്യപ്പെടുന്നത്. അതിനാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ അപേക്ഷകള്‍ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കെ.ജി ക്ളാസുകളില്‍ തന്നെയാണുള്ളത്. അടുത്ത രണ്ടുവര്‍ഷം കൊണ്ട് മസ്കത്ത് മേഖലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശന പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് വില്‍സന്‍ പറഞ്ഞു. 
മസ്കത്ത് മേഖലയിലെ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നത്. അല്‍ അന്‍സാബില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്കൂളിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു. കെട്ടിടം നിര്‍മിക്കാനുള്ള കരാര്‍ ഉടന്‍ നല്‍കും. 
ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാവും. ഇവിടെ നാലായിരം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയും. ഇതോടെ മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ തിരക്ക് കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബര്‍ക്കയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്കൂളും രണ്ടു വര്‍ഷം കൊണ്ട് പ്രവര്‍ത്തനസജ്ജമാവും. ഇതിന്‍െറ പ്രവര്‍ത്തന കരാറും ഉടന്‍ നല്‍കും.
 ഇത് മബേല, സീബ് സ്കൂളുകളിലെ തിരക്ക് കുറക്കാന്‍ സഹായിക്കും. 
സഹം ഇന്ത്യന്‍ സ്കൂള്‍ വരുന്ന അധ്യയന വര്‍ഷംതന്നെ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.