മസ്കത്ത്: ഒമാനിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളും ജൂൺ പത്തിന് അടക്കും. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാന കമ്പനികൾ നിരക്കുകൾ ഉയർത്താൻ തുടങ്ങി. സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റ് ആദ്യവാരത്തിൽ കേരളത്തിൽനിന്നുള്ള നിരക്കുകളും ഉയർന്നതാണ്. വേനലവധി ആരംഭിക്കുന്നത് ജൂൺ പത്ത് മുതൽ 20 വരെയാണ്. ആഗസ്റ്റ് പത്തോടെ തുറന്നുപ്രവർത്തിക്കുകയും ചെയ്യും. ഇത് ചൂഷണം ചെയ്താണ് വിമാന കമ്പനികൾ നിരക്കുകൾ ഉയർത്തുന്നത്.
സ്കൂളുകൾ അടക്കുന്ന ജൂൺ ഒമ്പതു വരെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും താരതമ്യേന കുറഞ്ഞ നിരക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാന കമ്പനികൾ ഈടാക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ ചില സെക്ടറുകളിലേക്ക് 55 റിയാലിന് താഴെ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. ഈ മാസം ചില ദിവസങ്ങളിൽ മസ്കത്തുനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 47 റിയാലിന് വരെ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ മസ്കത്തിൽനിന്ന് കൊച്ചിയിലേക്കും 43 റിയാലിന് ടിക്കറ്റുകളുണ്ട്. എന്നാൽ, കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്കുകളും താരതമ്യേന കൂടുതലാണ്.
ജൂൺ പത്ത് മുതൽ കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 119 റിയാലാണ്. 17ന് 161 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 109 റിയാലാണ്. 17ന് 148 റിയാലായി ഉയരുന്നുണ്ട്. കണ്ണൂരിലേക്ക് ജൂൺ ഒമ്പതിനുതന്നെ 137 ആണ് നിരക്ക്. പിന്നീട് നിരക്കുകൾ ചെറുതായി കുറയുന്നുണ്ടെങ്കിലും 100 റിയാലിന് താഴേക്ക് പോവുന്നില്ല.
കേരളത്തിൽനിന്ന് ഒമാനിലേക്കുള്ള നിരക്കുകളും വർധിക്കുന്നുണ്ട്. തിരുവനന്തപുരം സെക്ടറിൽനിന്ന് മസ്കത്തിലേക്ക് ജൂൺ ആദ്യത്തിൽതന്നെ 100 റിയാലിൽ അധികമാകുന്നുണ്ട്.
കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള നിരക്കുകൾ വർധിക്കുന്നത് ജൂലൈ ആദ്യം മുതലാണ്. ജൂലൈ ആദ്യം മുതൽ 110ന് മുകളിലാണ് കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള വൺവേ നിരക്കുകൾ.
എല്ലാ വിമാനത്താവളങ്ങളിൽനിന്നും ആഗസ്റ്റ് ആദ്യവാരത്തിലുള്ള നിരക്കുകൾ ഉയരുന്നുണ്ട്. ഇതോടെ സ്കൂൾ അവധിക്കാലത്ത് കേരളത്തിൽ പോയി തിരിച്ചുവരുന്ന യാത്രക്കാരൻ 250 റിയാലെങ്കിലും ടിക്കറ്റ് നിരക്കിന് മാത്രം ചെലവാക്കേണ്ട അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.