മസ്കത്ത്: രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ കഴിഞ്ഞ വർഷം എത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പുതിയ കണക്കുപ്രകാരം 2,08,423 സന്ദർശകരാണ് സ്വദേശികളും വിദേശികളുമായി ഇവിടെ എത്തിയത്. ജബൽ അഖ്ദറിന്റെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
വേനൽക്കാലത്തെ കുറഞ്ഞ വെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥ സവിശേഷതകളാണ്. സഞ്ചാരികൾക്കായി നിരവധി ഹോട്ടൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്ത് തണുപ്പ് ആസ്വാദിക്കാനായി സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഓരോ സീസണിലും ഇവിടേക്ക് ഒഴുകാറുള്ളത്.
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള പർവതാരോഹണം, പർവത പാതകളിൽ കാൽനടയാത്ര തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാനും ഇവിടെ സൗകര്യങ്ങൾ ലഭ്യമാണ്. മാതളനാരങ്ങ, മുന്തിരി, ആപ്രിക്കോട്ട്, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു.
സന്ദർശകരായി എത്തിയവരിൽ കൂടുതൽ പേരും സ്വദേശി പൗരന്മാർ തന്നെയാണ്. കഴിഞ്ഞ വർഷം 1,12,619 ഒമാനികളാണ് ജബൽ അഖ്ദറിന്റെ മനോഹാരിത ആസ്വദിക്കാനെത്തിയത്. സൗദി-13,428, യു.എ.ഇ 1543, ബഹ്റൈൻ-51, കുവൈത്ത് 1,236, ഖത്തർ 746 എന്നിങ്ങനെയാണ് ജി.സി.സി രാജ്യങ്ങളിൽനിന്നെത്തിയ വിനോദ സഞ്ചാരികളുടെ കണക്ക്. മറ്റ് അറബ് രാജ്യങ്ങളിൽനിന്ന് 6,041പേരും വിദേശ രാജ്യങ്ങളിൽനിന്നായി 72,294 ആളുകളും സന്ദർശകരായി ജബൽ അഖ്ദറിന്റെ മടിത്തട്ടിലെത്തി.
സുൽത്താനേറ്റിലെ ഇക്കോ ടൂറിസത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ. താഴ്വരകളിലെ നടത്തം, ഗുഹകൾ സന്ദർശിക്കുക, പർവത കയറ്റം പരിശീലിക്കുക തുടങ്ങിയ വിവിധ വിനോദങ്ങൾ വിലായത്തിലെ പ്രാദേശിക സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.