മസ്കത്ത്: ഒമാനിലെ മുതിർന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാനുമായിരുന്ന കനക്സി ഗോഖൽദാസ് ഖിംജി നിര്യാതനായി. 85 വയസായിരുന്നു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിെൻറ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പിനെ നയിച്ചുവരുകയായിരുന്ന ഇദ്ദേഹം രാജ്യത്തിെൻറ വളർച്ച നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാൻ പൗരത്വവും ശൈഖ് പദവിയും നൽകിയിരുന്നു. ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ശൈഖ് എന്ന വിശേഷണത്തിനും അർഹനാണ് ഇദ്ദേഹം.
1936ൽ മസ്കത്തിലാണ് കനക്സി ഖിംജി ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1970ലാണ് 144 വർഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിെൻറ നേതൃ സ്ഥാനം ഏറ്റെടുത്തത്. കനക്സി ഖിംജിയുടെ നേതൃത്വത്തിലാണ് ഖിംജി ഗ്രൂപ്പ് ബിസിനസ് വൈവിധ്യവത്കരണത്തിെൻറ വഴിയിലേക്ക് തിരിഞ്ഞത്. ഇന്ന് പ്രതിവർഷം ഒരു ശതകോടിയിലേറെ ഡോളറാണ് ഗ്രൂപ്പിെൻറ വിറ്റുവരവ്. കൺസ്യൂമർ ഉൽപന്നങ്ങൾ, ലൈഫ്സ്റ്റൈൽ, ഇൻഫ്രാസ്ട്രക്ചർ, പ്രൊജക്ട്സ്,ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. നാനൂറിലധികം ആഗോള ബ്രാൻഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ് ഗ്രൂപ്പ്. ഒമാനിലെ ഇന്ത്യൻ സമൂഹത്തിനും ശ്രദ്ധേയ സംഭാവനകൾ ശൈഖ് കനക്സി നൽകിയിട്ടുണ്ട്. ഒമാനിലെ ആദ്യ ഇന്ത്യൻ സ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇന്നത്തെ ഇന്ത്യൻ സോഷ്യൽക്ലബിെൻറ ആദ്യ രൂപമായ ഇന്ത്യൻ കൾചറൽ അസോസിയേഷൻ സ്ഥാപിക്കാനും ഇദ്ദേഹം മുൻകൈയെടുത്തു. ഗൾഫ് മേഖലയിൽ നിന്ന് ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചതും ശൈഖ് കനക്സിക്കാണ്. ഒമാൻ ക്രിക്കറ്റ് ക്ലബിെൻറ സ്ഥാപക ചെയർമാനാണ്. കനക്സി ഖിംജിയുടെ നിര്യാണത്തിൽ ഒമാനിലെ വിവിധ തുറകളിലുള്ളവർ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ശൈഖ് കനക്സി ഖിംജിയെന്ന് ഇന്ത്യൻ അംബാസഡർ മുനു മഹാവർ അനുസ്മരിച്ചു. ആദര സൂചകമായി ഇന്ത്യൻ സ്കൂളുകൾ വ്യാഴാഴ്ച ഒാൺലൈൻ ക്ലാസുകൾക്ക് അവധി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.