മസ്കത്ത്: ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 4,63,848 പേർ. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലെ കണക്കാണിത്. മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 46 ശതമാനത്തിന്റെ വർധനയാണിത്. വിമാനത്താവളത്തിൽ വന്നതും പോയതുമായ വിമാനങ്ങളുടെ ആകെ എണ്ണം 3385 ആണെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സലിം അവാദ് അൽ യാഫി പറഞ്ഞു. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 49 ശതമാനം വർധനയാണുണ്ടായത്.
വിസ് എയർ, ൈഫ്ല ദുബൈ, ഗൾഫ് എയർ, ജസീറ എയർവേസ്, കുവൈത്ത് എയർവേസ്, ഫ്ലൈനാസ്, ഖത്തർ എയർവേസ് എന്നിവയുൾപ്പെടെ ഖരീഫ് സീസണിൽ എല്ലാ ജി.സി.സി രാജ്യങ്ങളും സലാല വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവിസുകൾ നടത്തിയിരുന്നു. ഖരീഫ് സീസണിൽ നല്ല തിരക്കാണ് സലാല വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. സലാം എയർ ഇക്കാലയളവിൽ 1372 ആഭ്യന്തര വിമാന സർവിസുകൾ നടത്തി.
ശൈത്യകാല തയാറെടുപ്പുകളുടെ ഭാഗമായി, സ്ലൊവാക്യ, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽനിന്ന് ഈ വർഷം നവംബർ മുതൽ അടുത്ത മാർച്ചുവരെ ആഴ്ചയിൽ എട്ട് നേരിട്ടുള്ള വിമാനങ്ങൾ സർവിസ് നടത്തുമെന്ന് അൽ യാഫെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനാൽ ഈ വർഷം ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ദോഫാറിൽ എത്തിയിരുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം ദിനേന ആയിരക്കണക്കിന് സന്ദർശകരാണുണ്ടായിരുന്നത്. മഹാമാരിമൂലം 2020ല്‍ സഞ്ചാരികളെ പൂര്‍ണമായി വിലക്കിയിരുന്നെങ്കില്‍ 2021ല്‍ നിയന്ത്രണങ്ങളോടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. ഇത്തവണ വിവിധ കേന്ദ്രങ്ങളിലാണ് സാംസ്കാരിക കലാപരിപാടികൾ അരങ്ങേറിയത്. അത് ഖരീഫ് സീസണിനെ കൂടുതൽ ജനകീയമാക്കിയെന്നാണ് പലരും പറയുന്നത്. എന്നാൽ, ഒരിടത്ത് പരിപാടികൾ കേന്ദ്രീകരിക്കാത്തതിനാൽ പൊലിമ കുറഞ്ഞെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മലയാളികളടക്കമുള്ള കച്ചവടസ്ഥാപനങ്ങളിൽ സാമാന്യം നല്ല തിരക്കായിരുന്നു കഴിഞ്ഞ മാസങ്ങളിൽ. ഖരീഫ് വിടവാങ്ങിയതിനു പിന്നാലെ സർബ് സീസൺ ആരംഭിച്ചതോടെ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് സലാല. സലാലയിൽ ഇപ്പോൾ നാമമാത്രമായ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ, സർബ് സീസൺ സജീവമാകുന്നതോടെ കൂടുതൽ ആളുകൾ ഇവിടേക്കെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള കച്ചവടക്കാർ.
വസന്തകാലത്തിന് പ്രാദേശികമായി അറിയപ്പെടുന്ന പേരാണ് സർബ്. 'സർബ്' സീസണിനോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഖരീഫ് സീസണിനുശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചപുതച്ച് നിന്നിരുന്ന സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ദിവസങ്ങൾക്കു മുമ്പ് 'ടൂർ ഓഫ് സലാല' സൈക്ലിങ്, അയൺമാൻ ട്രയത്ലൺ മത്സരങ്ങളും നടന്നിരുന്നു. മറ്റു സാമൂഹിക-സാംസ്കാരിക പരിപാടികളും വരുംദിവസങ്ങളിൽ ദോഫാറിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.