മസ്കത്ത്: ഒമാനിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ദോഫാറിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വഴിതെളിയുന്നു. ഇതു സംബന്ധിച്ച് പൈതൃക-ടൂറിസം മന്ത്രി സലീം അൽ മഹ്റൂഖിയും ഒംറാൻ ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ദോഫാറിലെ വിവിധ ഭാഗങ്ങളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങൾ നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നത്. മിർബാത് വിലായത്തിലാണ് മന്ത്രി യോഗം ചേർന്നത്. നിലവിൽ നടക്കുന്ന പദ്ധതികൾ സംബന്ധിച്ചും പുതുതായി നടപ്പിലാക്കാനുള്ളവയെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പ്രകൃതിരമണീയമായ ദോഫാറിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഓരോ വർഷവും എത്തിച്ചേരുന്നത്. പ്രധാനമായും മൺസൂൺ സീസണിലാണ് മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് മികച്ച കാലാവസ്ഥയും പ്രകൃതിയും ആസ്വദിക്കാനെത്തുന്നത്. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി ടൂറിസത്തിന് അനുകൂലമായ സാഹചര്യമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇത്തവണയും കോവിഡ് ഭീതിക്കിടയിലും നിരവധി പേർ സലാലയടക്കമുള്ള ദോഫാർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.