മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനി ഖാലിദിൽ ടൂറിസ്റ്റ് കേന്ദ്രം നിർമിക്കാനായി അധികൃതർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള ടെൻഡർ നടപടികൾക്ക് തുടക്കമായി.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മനോഹരമായ ഭൂപ്രകൃതികൊണ്ട് സമ്പന്നമായ വാദി ബാനി ഖാലിദ്, മിതമായ താപനിലയും വാദിയിലെ ജലസമൃദ്ധിയും കാരണം ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്.
മഖ്ൽ ഗുഹ പോലെയുള്ള നിരവധി ഭൂമിശാസ്ത്രപരമായ അത്ഭുതങ്ങളും ഐൻ അൽ സറൂജ്, ഐൻ അൽ ലത്ബ്, ഐൻ കനാര, ഐൻ അൽ മുൻതജർ, ഐൻ ഗലാല എന്നിവയുൾപ്പെടെ ഏകദേശം 12 നീരുറവകളും ഇവിടെയെത്തുന്ന സന്ദർശകരുടെ മനംമയക്കുന്നതാണ്. അൽ ഹൈലി, അൽ ഫർദ്, അൽ സറൂജ്, അൽ ജർബി തുടങ്ങി 56 ഫലജുകൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ഈ പ്രദേശം.
കോട്ടകൾ മുതൽ ഗോപുരങ്ങൾ വരെയുള്ള പുരാവസ്തു നിധികളുടെ സമ്പന്നമായ ഒരു ശ്രേണിതന്നെ വിലായത്തിലുണ്ട്. ഹിജ്റ നാലാം നൂറ്റാണ്ടിലെ അൽ മവാലിക് കോട്ടയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ദിമാ വാ അൽ തായനിലെ അൽ സലിൽ ഏരിയയിൽ കുട്ടികളുടെ കളിസ്ഥലവും സ്പോർട്സ് നടപ്പാതയും വികസിപ്പിക്കുന്നതിന് വടക്കൻ ശർഖിയ മറ്റൊരു ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. ഗവർണറേറ്റിനുള്ളിലെ വിവിധ വിലായത്തുകളുടെ കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് നിരവധി ആന്തരിക റോഡുകൾ നിർമിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.