മസ്കത്ത്: സുൽത്താനേറ്റിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഇംഗ്ലണ്ടിൽ മാർക്കറ്റിങ് കാമ്പയിനുമായി പൈതൃക-ടൂറിസം മന്ത്രാലയം. വർഷം മുഴുവനും വിനോദ സഞ്ചാരകേന്ദ്രമായി ഒമാനെ പ്രോത്സാഹിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് വിപണിയിൽ കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രാദേശിക ടാക്സികൾ, സബ്വേ സ്റ്റേഷനുകൾ, ചുവന്ന ഡബ്ൾ ഡെക്കർ ബസുകൾ എന്നിവയിൽ ഒമാനിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ചിത്രീകരിക്കുന്ന ഹോർഡിങ്ങുകളും ചിത്രങ്ങളും പതിച്ചാണ് കാമ്പയിൻ നടക്കുന്നത്.
ടൂറിസം മേഖലയിൽ ശ്രദ്ധേയ കുതിപ്പുമായാണ് സുൽത്താനേറ്റ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെ 1.5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഒമാനിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 13ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്.
സഞ്ചാരികളുടെ വരവ് ഹോസ്പിറ്റാലിറ്റി മേഖലയിലും ഉണർവ് സൃഷ്ടിച്ചു. ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്ന അതിഥികളുടെ എണ്ണം ഈ വർഷം 14.9 ശതമാനം വർധിച്ച് 7,68,000 ആയി ഉയർന്നു. ഈ വളർച്ച ടൂറിസം പ്രവാഹത്തിന് സഹായകമാകുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗംകൂടിയാണെന്ന് അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ ജബൽ അഖ്ദറിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ 25.8 ശതമാനത്തിന്റെ ശ്രദ്ധേയ വളർച്ച കൈവരിക്കുകയും ചെയ്തു. ദയ്മാനിയത്ത് ഐലൻഡിസ് റിസർവിൽ 73.2ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി.
ടൂറിസം മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നടക്കുന്ന സംരംഭങ്ങളാണ് ഈ വളർച്ചക്ക് കാരണമെന്ന് മന്ത്രാലയം പറഞ്ഞു. ടൂറിസ്റ്റ് സൗകര്യങ്ങൾ നവീകരിക്കുക, പ്രധാന സൈറ്റുകളിലേക്കുള്ള റോഡുകളും മറ്റും മെച്ചപ്പെടുത്തുക, ശക്തമായ അന്താരാഷ്ട്ര മാർക്കറ്റിങ് കാമ്പയിനുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ഫിച്ച് സൊല്യൂഷൻസ് കമ്പനിയായ ബി.എം.ഐ റിപ്പോർട്ട് പ്രകാരം ഒമാനിലെ വിനോദ സഞ്ചാരികളുടെ വരവ് ഈ വർഷം 24.7 ശതമാനം വർധിച്ച് 5.3 മില്യണായി ഉയരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.