മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യദിനങ്ങളിൽ എത്തിയത് ആയിരക്കണക്കിനാളുകൾ. പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളടൊപ്പം പഴയ എഴുത്തുകാരുടെ രചനകളും കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിഞ്ഞതായി സ്റ്റാളുടമകൾ പറഞ്ഞു.
അറബി, ഇംഗ്ലീഷ് പുസ്തകങ്ങൾ തേടിയായിരുന്നു കൂടുതൽ പേരും എത്തിയത്. മേളയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികൾ, സംവാദങ്ങൾ, സെമിനാറുകൾ എന്നിവയിലെല്ലാം കാണികളുടെ വൻ പങ്കാളിത്തമാണുള്ളത്. ഫെസ്റ്റിവലിലെ പുസ്തകങ്ങളും മറ്റും തിരയാനായി സംഘാടകർ ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തിയത് സന്ദർശകർക്ക് അനുഗ്രഹമായിട്ടുണ്ട്. https://mctbookfair.gov.om/book എന്ന പോർട്ടലിലൂടെ വിവരങ്ങൾ ലഭ്യമാകും.
ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും മസ്കത്ത് ഇന്റർനാഷനൽ ബുക്ക് ഫെയർ ആപ്ലിക്കേഷനുകൾ ലഭിക്കും. ഇതിലൂടെ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ രചനകൾ തിരയാനും അതിന്റെ സ്റ്റാൾ നമ്പറുകൾ മനസ്സിലാകാനും സാധിക്കുന്നത് നഗരിയിലെ അലച്ചിലിന് പരിഹാരമാകുന്നുണ്ടെന്ന് സന്ദർശകർ പറഞ്ഞു. മാര്‍ച്ച് നാലുവരെ നടക്കുന്ന മേളയിൽ പ്രവൃത്തിദിനങ്ങളില്‍ രാവിലെ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം.
ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ പൊതുജനങ്ങള്‍ക്കായും സന്ദര്‍ശന സമയം അനുവദിച്ചിട്ടുണ്ട്. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
സംവാദങ്ങൾ, പുസ്തക പ്രകാശനം, ചർച്ചകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവ അരങ്ങേറും. 1194 പവിലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 2,04,411 വിദേശ പുസ്തകങ്ങളും 2,60,614 അറബിക് പുസ്തകങ്ങളുമാണ് മേളയിലുള്ളത്. തെക്കൻ ബാത്തിന ഗവർണറേറ്റാണ് ഈ വർഷത്തെ വിശിഷ്ടാതിഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.