മസ്കത്ത്: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ജൂനിയർ പ്രീമിയർ ലീഗുമായി (ജെ.പി.എൽ) സഹകരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂത്ത് ഫുട്ബാൾ ലീഗ് ഒക്ടോബർ 28 മുതൽ അടുത്ത വർഷം മാർച്ച് രണ്ടുവരെ എ.ബി.എ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുകയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്. യുവ താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാകും ജൂനിയർ പ്രീമിയർ ലീഗ്.
ഇതിലൂടെ നിരവധി താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. യുവാക്കളുടെ കഴിവുകളെ സജീവമായി നിലനിർത്താനും കായികക്ഷമതയടക്കമുള്ള പ്രധാന മൂല്യങ്ങൾ വികസിപ്പിക്കാനും ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി. ഞങ്ങളോടൊപ്പം ലുലു ഹൈപ്പർമാർക്കറ്റ് പങ്കാളിയായതിൽ സന്തോഷമുണ്ടെന്ന് ജെ.പി.എൽ സി.ഇ.ഒ മാർട്ടിൻ ബ്രോക്ക് അഭിപ്രായപ്പെട്ടു. ടൂർണമെന്റ് അടുത്ത വർഷാവസാനം നടക്കുന്ന ജി.സി.സി ചാമ്പ്യൻസ് കപ്പിലേക്ക് മാറുന്നതോടെ ലുലുവുമായി ബന്ധങ്ങൾ കൂടുതൽ കെട്ടിപ്പടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
ഈ മാസം ആരംഭിക്കുന്ന ജൂനിയർ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന പതിപ്പുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ആവേശകരമായ മത്സരങ്ങൾ നടക്കുന്ന ടൂർണമെന്റ് താരങ്ങൾക്ക് വളരാൻ അനുയോജ്യമായ പ്ലാറ്റ്ഫോം ആയിരിക്കും. സംഘാടകർക്കും എല്ലാ കളിക്കാർക്കും ആശംസകൾ നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.