മസ്കത്ത്: സൈനിക, സുരക്ഷാ സേവനങ്ങൾക്കായുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സുൽത്താൻ ഹൈതം ബിൻ താരിഖ് നിർവഹിച്ചു.
മസ്കത്തിലെ മെഡിക്കൽ സിറ്റിയിലെത്തിയ സുൽത്താനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദും സുരക്ഷാ സേവനങ്ങൾക്കായുള്ള മെഡിക്കൽ സിറ്റി ബോർഡ് ചെയർമാൻ എൻജിനീയർ ഹുദൈ ബിൻ ഹിലാൽ അൽ മാവാലി എന്നിവർ ചേർന്ന് സ്വീകരിച്ചു. ചില മന്ത്രിമാരും കമാൻഡർമാരും മെഡിക്കൽ സിറ്റിയുടെ ബോർഡ് അംഗങ്ങളും സുൽത്താനെ അഭിവാദ്യം ചെയ്തു.
വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതിയെക്കുറിച്ചും ഒമാനി ഡോക്ടർമാരുടെ യുഗങ്ങളിലുടനീളം നൽകിയ സംഭാവനകളെക്കുറിച്ചും സുൽത്താനേറ്റിലെ മെഡിക്കൽ മേഖലയുടെ വികസനത്തിന്റെ ഘട്ടങ്ങളെക്കുറിച്ചുമുള്ള വിശദീകരണവും സുൽത്താൻ വീക്ഷിച്ചു. മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സൗകര്യങ്ങൾ, സ്പെഷലൈസ്ഡ് ഡിപ്പാർട്ട്മെന്റുകൾ, ആരോഗ്യ പരിപാലന നിലവാരം, സുൽത്താനേറ്റിലെ ആരോഗ്യ മേഖല തുടങ്ങിയവ വിശദീകരിക്കുന്ന വിഡിയോയും കണ്ടു.
മെഡിക്കൽ സേവനങ്ങളുടെയും സംയോജിത ആരോഗ്യ സംരക്ഷണത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്. സുൽത്താൻ ആശുപത്രിയുടെ ഡിപ്പാർട്ട്മെന്റുകളിലും വിങ്ങുകളിലും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.