മസ്കത്ത്: ഒമാനിലെ ദൈനംദിന യാത്രയിലെ ഗതാഗതക്കുരുക്ക് നമ്മളെ പലപ്പോഴും അലോസരപ്പെടുത്തിയിട്ടുണ്ടാകും. ഇങ്ങനെയുള്ള കുരുക്കിൽ കിടന്ന് ‘ശ്വാസം മുട്ടുന്നവർക്ക്’ ആശ്വസിക്കാൻ വക നൽകുന്നതാണ് പുറത്തുവന്നിട്ടുള്ള പുതിയ റിപ്പോർട്ട്.
ഏറ്റവും കുറഞ്ഞ ഗതാഗത തിരക്കുള്ള രാജ്യമായും സുഗമമായ ഗതാഗതത്തിന്റെ കാര്യത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും കാര്യക്ഷമമായ നഗരമായും സുൽത്താനേറ്റ് മുന്നിലാണെന്ന് നംബിയോയുടെ 2024ലെ മധ്യവർഷ ട്രാഫിക് സൂചികയിൽ വ്യക്തമാക്കുന്നു.
ഒമാനിലെ യാത്രക്കാർ ശരാശരി 19.9 മിനിറ്റ് മാത്രമാണ് ഓരോ ദിവസവും ട്രാഫിക്കിൽ ചെലവഴിക്കുന്നത്. നൈജീരിയയിലെ ലാഗോസ് പോലുള്ള നഗരങ്ങളിൽനിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. ഇവിടെ ഡ്രൈവർമാർ പ്രതിദിനം ശരാശരി 68.8 മിനിറ്റാണ് ട്രാഫിക്കിൽ കുരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണിത്. ഒമാന്റെ അയൽ പ്രദേശമായ ദുബൈയിൽ താമസക്കാർ ഓരോ ദിവസവും 36.3 മിനിറ്റാ ണ് ട്രാഫിക്കിൽപ്പെടുന്നത്. ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ഒമാൻ 161-ാം സ്ഥാനത്താണെന്ന് സർവേയിൽ പറയുന്നു.
സുൽത്തനേറ്റ് കഴിഞ്ഞാൽ അറബ്മേഖലയിൽ തൊട്ടടുത്തുവരുന്നത് ദോഹയാണ്. ഇവിടെ 25 മിനിറ്റാണ് ട്രാഫിക്കിൽ ചെലവഴിക്കുന്നത്. ജിദ്ദ പ്രതിദിനം ശരാശരി 30.5 മിനിറ്റാണ്. മറ്റു നഗരങ്ങളിൽ അബൂദബി 32.9 മിനിറ്റും റിയാദിൽ 32.5 മിനിറ്റും കുവൈത്ത് 34.5 മിനിറ്റും ദുബൈ 36.3 മിനിറ്റാണ്.
സുൽത്താനേറ്റിന്റെ റോഡുകൾ ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് പ്രാദേശിക മാധ്യമത്തോട് സംസാരിച്ച റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി സുലായെം അൽ ഫലാഹി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തിരക്കുള്ളതും ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച അറബ് രാജ്യങ്ങളിലൊന്നാണ് സുൽത്താനേറ്റ്.
ദൈനംദിന യാത്രകളിലെ ശരാശരി കാലതാമസം ശരാശരി 20 മിനിറ്റിൽ കവിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ രൂപകൽപനയും നടപ്പാക്കലും, അവയുടെ പരിപാലനവും ഒപ്റ്റിമൽ ഉപയോഗവും നിലനിർത്തൽ, റോഡ് ഉപയോക്താക്കളെ നിരീക്ഷിക്കൽ, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തൽ, ട്രാഫിക് സംവിധാനത്തിന്റെയും നിയമങ്ങളുടെയും പ്രയോഗം നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക, അവബോധം വളർത്തുക, വേഗത നിരീക്ഷിക്കുക, ട്രാഫിക് നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം കുരുക്ക് ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.