മസ്കത്ത്: ഒമാനി-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ രണ്ടാം യോഗം സൗദിയിലെ അൽ ഉല ഗവർണറേറ്റിൽ നടന്നു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി എച്ച്.എച്ച് രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഒമാനി-സൗദി കോഓഓഡിനേഷൻ കൗൺസിൽ ഇരുരാജ്യങ്ങളുടെയും ജ്ഞാനപൂർവകമായ നേതൃത്വങ്ങളുടെ ഇച്ഛാശക്തിയും ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനുള്ള അവരുടെ കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന തന്ത്രപ്രധാനമായ പ്ലാറ്റ്ഫോമാണെന്ന് യോഗത്തിൽ സംസാരിച്ച സയ്യിദ് ബദർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 13ന് കൗൺസിലിന്റെ ആദ്യ സെഷൻ മസ്കത്തിൽ വിളിച്ചു ചേർത്തതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായതായി സയ്യിദ് ബദർ കൂട്ടിച്ചേർത്തു. ഒമാനി-സൗദി കോഓഡിനേഷൻ കൗൺസിൽ സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിനും അന്തർ-വ്യാപാര, സംയുക്ത നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനും ഊർജം, സാംസ്കാരികം, ടൂറിസം മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും സംഭാവന നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും കൗൺസിൽ ശക്തിപ്പെടുത്തി. 2034ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ നടത്താനുള്ള അംഗീകാരം നേടിയ സൗദി അറേബ്യയെ മന്ത്രി അഭിനന്ദിച്ചു. സൗദി-ഒമാനി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കൗൺസിൽ കമ്മിറ്റി മേധാവികളും അംഗങ്ങളും അതിന്റെ സെക്രട്ടേറിയറ്റ് ജനറലും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.