മസ്കത്ത്: രാജ്യത്തെ 10 മുങ്ങിമരണ സംഭവങ്ങളിൽ ആറെണ്ണവും നടക്കുന്നത് നീന്തൽകുളങ്ങളിലാണെന്ന് പഠനങ്ങൾ. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ (എസ്.ക്യൂ.യു) നാല് മെഡിക്കൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
മുങ്ങിമരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ 54 ശതമാനവും കുളങ്ങളിൽ നീന്തുന്നതിനിടെയാണെന്നും ഇവർ കണ്ടെത്തി. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ നിരഞ്ജൻ ലാൽ ജെസ്വാനി, അബ്ദുല്ല അൽ റീസി, മുഹമ്മദ് ഫൈസൽ ഖിൽജി, എസ്.ക്യു.യുവിലെ കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിലെ ഫാമിലി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗത്തിലെ സയ്യിദ് റിസ്വി എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. 74 മുങ്ങിമരണ സംഭവങ്ങളാണ് ഇവർ വിശകലനം ചെയ്തത്. ഇതിൽ 47 പേരും ആറിൽ താഴെ പ്രായമുള്ള ആൺകുട്ടികൾ ആയിരുന്നു.
കർശന മേൽനോട്ടത്തിലൂടെ മാത്രം കുട്ടികളെ ജലാശയത്തിൽ ഇറങ്ങാൻ അനുവദിക്കുക, പ്രതിരോധ നടപടികളിൽ മുങ്ങിമരണത്തിെൻറ അപകട ഘടകങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, പൂളുകളിൽ സുരക്ഷ നിയന്ത്രണം ശക്തമാക്കുക എന്നീ നിർദേശങ്ങളും അപകടമരണങ്ങൾ ഒഴിവാക്കാൻ ഇവർ പഠനത്തിലൂടെ മുന്നോട്ടു വെക്കുന്നു.
2008 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ മുങ്ങിമരണവുമായി ബന്ധപ്പെട്ട കേസുകളിൽനിന്നാണ് രോഗികളുടെ വിശദാംശങ്ങൾ പഠനത്തിനായെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.