മുസന്ദം ഗവർണറേറ്റിൽനിന്നുള്ള കാഴ്ചകൾ 

മുസന്ദമിൽ നാഷനൽ നാച്ചുറൽ പാർക്ക് വരുന്നു

മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ നാഷനൽ നാച്ചുറൽ പാർക്ക് റിസർവ് സ്ഥാപിക്കുന്നു. ഇതുസംബന്ധിച്ചുള്ള രാജകീയ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഗവർണറേറ്റിന്‍റെ ഭൂമിശാസ്ത്രപരവും പ്രകൃതിപരവുമായ വൈവിധ്യം മറ്റു രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഇത് ടൂറിസം സാധ്യതകൾക്ക് വലിയ അവസരമാണ് ഗവർണറേറ്റിന് മുന്നിൽ തുറന്നിടുന്നത്.

മുസന്ദം ഗവർണറുടെ ഓഫിസുമായി സഹകരിച്ച് പരിസ്ഥിതി അതോറിറ്റി നടത്തിയ സർവേ പ്രകാരം റിസർവിന്റെ ആകെ വിസ്തീർണം 1149.40 ചതുരശ്ര കിലോമീറ്ററാണ്. ഗവർണറേറ്റിലെ ദ്വീപുകൾ മനുഷ്യ ഇടപെടൽ ബാധിക്കാത്ത സ്ഥലങ്ങളുൾപ്പെടുന്നതാണ്. വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രവുമാണിത്. ദ്വീപുകൾക്ക് ചുറ്റുമുള്ള ജലാശയങ്ങളിൽ വിവിധ തരം പവിഴപ്പുറ്റുകൾ, ഫംഗസുകൾ, കടൽ സസ്യങ്ങൾ, മത്സ്യങ്ങൾ, പച്ച ആമകൾ, മറ്റ് കടൽജീവികൾ തുടങ്ങിയവയാണുള്ളതെന്നാണ് പരിസ്ഥിതി അതോറിറ്റിയുടെ സർവേയിൽ പറയുന്നത്.

കാട്ടുമുയൽ, മുള്ളൻപന്നി, വിവിധതരം കുറുക്കന്മാർ, കാട്ടുപൂച്ച, ഉരഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യവും സർവേകൾ സ്ഥിരീകരിക്കുന്നുണ്ട്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ 200ലധികം സസ്യങ്ങളുടെ സാന്നിധ്യവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ദ്വീപുകളിൽ നിരവധി കടൽപ്പക്ഷികളെ ദർശിക്കാവുന്നതാണ്. ആയിരത്തിലധികം വരുന്ന ഇവയുടെ സാന്നിധ്യം, പ്രത്യേകിച്ച് ഉമ്മു അതയർ ദ്വീപിൽ നയനാനന്ദകരമായ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്.

കടൽ സസ്തനികൾ, ഡോൾഫിനുകൾ, തിമിംഗലങ്ങൾ, ചുവന്ന കുറുക്കൻ തുടങ്ങിയവയും മുസന്ദം ഗവർണറേറ്റിലെ ദ്വീപുകളിൽ സാധാരണമാണ്. ജന്തുജാലങ്ങളാലും സസ്യജാലങ്ങളാലും സമ്പന്നമായ ഈ പരിസ്ഥിതി ഇക്കോ ടൂറിസത്തിന്റെ പ്രോത്സാഹനത്തിലും വികസനത്തിലും സുപ്രധാന പങ്കുവഹിക്കും.

Tags:    
News Summary - Musandam National Park is coming up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT