മസ്കത്ത്: ഏറെ നാളായി കാത്തിരിക്കുന്ന മസ്കത്ത് മെട്രോ പദ്ധതിയുടെ സാധ്യത പഠനം പൂർത്തിയായെന്നും ഉടൻതന്നെ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മവാലി. മസ്കത്ത് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശതകോടി റിയാൽ നിക്ഷേപ മൂല്യത്തിലാണ് പദ്ധതിയൊരുക്കാൻ തീരുമാനിച്ചത്. മെട്രോ പദ്ധതിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മെട്രോയുടെ പഠനം പൂർത്തീകരിച്ചിട്ടുള്ളത്.
ശക്തമായൊരു പൊതുഗതാഗത സംവിധാനം ആവശ്യമാണ്. തലസ്ഥാന നഗരത്തിന്റെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണ്. മികച്ച സംവിധാനം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ കടുത്ത തിരക്കും യാത്രക്കായി കൂടുതൽ സമയവും ചെലവഴിക്കേണ്ടിവരും.
ഭാവിയിൽ യാത്രയുടെ വേഗത കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ മസ്കത്തിലെ ശരാശരി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്, ഇത് സ്വീകാര്യമാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇത് മണിക്കൂറിൽ 27 കിലോമീറ്ററായി കുറയുമെന്നാണ് പഠനം പറയുന്നത്. ഇതംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. മസ്കത്ത് എക്സ്പ്രസ് വിപുലീകരണ ശ്രമങ്ങൾ പ്രശംസനീയമാണെങ്കിലും, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവ പര്യാപ്തമല്ല. ദീർഘകാല ഗതാഗത ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ സമഗ്രമായ സമീപനം ആവശ്യമാണ്. വരാനുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ 2025-2030നും ഇടയിൽ പൊതുഗതാഗതത്തിൽ കാര്യമായ മുന്നേറ്റം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പാണ് മസ്കത്ത് മെട്രോ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.