മസ്കത്ത്: ഒമാനിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് മുവാസലാത്ത് മസ്കത്ത്-അബൂദബി ബസ് സർവിസിന് തുടക്കമായി. അൽഐൻ വഴി അബൂദബിയിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാലാണ്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.
രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒന്നിന് അൽ ഐനിലും 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കത്തിൽ എത്തും. ദുബൈയിലേക്ക് ഇതുവരെ മുവാസലാത്ത് സർവിസ് ആരംഭിച്ചിട്ടില്ല. അതേസമയം, മുവാസലാത്തിന്റെ യു.എ.ഇ സർവിസുകൾ പുനരാരംഭിച്ചത് യാത്രാദുരിതം ഒഴിവാക്കാൻ സഹായിക്കും. ഇതോടെ ഈ സെക്ടറിലെ ബസുകളിലെ തിരക്ക് കുറയുകയും യാത്രാദുരിതം ഒരു പരിധിവരെ ശമിക്കുകയും ചെയ്യും. നിലവിൽ മസ്കത്തിൽനിന്ന് ബസുകളിൽ യു.എ.ഇയിലേക്ക് പോവുന്നവരും തിരിച്ച് യാത്ര ചെയ്യുന്നവരും ടിക്കറ്റ് ലഭിക്കാത്തതിനാൽ വലിയ പ്രയാസമാണ് നേരിടുന്നത്.
ഇപ്പോൾ മസ്കത്തിൽനിന്ന് യു.എ.ഇയിലേക്ക് സ്വകാര്യ ബസ് സർവിസ് നടത്തുന്നുണ്ട്. നിലവിൽ ദിവസവും മൂന്ന് സർവിസുകളാണ് ഈ കമ്പനി നടത്തുന്നത്. റൂവിയിൽനിന്ന് രാവിലെ ആറ്, ഉച്ചക്ക് 2.30, രാത്രി ഒമ്പത് എന്നിങ്ങനെയാണ് സ്വകാര്യ ബസ് കമ്പനിയുടെ സമയം. എന്നാൽ, തിരക്ക് കാരണം പലപ്പോഴും നാലും അഞ്ചും ദിവസം കഴിഞ്ഞാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇത് മസ്കത്തിൽനിന്നുള്ള യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലരും യാത്രകൾ മാറ്റിവെക്കുകയോ വിമാനം വഴിയാക്കുകയോ ആണ് ചെയ്യുന്നത്. യു.എ.ഇയിലേക്ക് കൂടുതൽ സർവിസ് നടത്തണമെന്നും ദുബൈ സർവിസുകൾ പുനരാരംഭിക്കണമെന്നും യാത്രക്കാരും ട്രാവൽ ഏജൻസികളും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.