മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിലിൽനിന്ന് പുറത്തുപോയവർ പുതിയ സംഘടന രൂപവത്കരിക്കുന്നു. ഡബ്ല്യു.എം.എഫിലെ ചില വ്യക്തിതാൽപര്യവും കണക്കിലെ സുതാര്യത ഇല്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ പുതിയ കൂട്ടായ്മക്ക് രൂപം നൽകുന്നത്. മസ്കത്ത് കൗൺസിൽ പ്രസിഡന്റായിരുന്ന അൻസാറിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന്, ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഈ പരിപാടിയിലായിരിക്കും പുതിയ സംഘടനയുടെ പ്രഖ്യാപനമെന്ന് ഭാരവാഹികൾ അറിയിച്ചു. വേൾഡ് മലയാളി നെറ്റ്വർക്ക് എന്ന പേരിലായിരിക്കും സംഘടന അറിയുകയെന്നും മറ്റ് രാജ്യങ്ങളിലും ഇതിന്റെ പുതിയ ചാപ്റ്ററുകൾ ഉടൻ നിലവിൽ വരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
164 രാജ്യങ്ങളിൽനിന്ന് ഡബ്ല്യു.എം.എഫ് പണം പിരിക്കുന്നുണ്ട്. അത് പോകുന്ന വഴിയും മുതൽമുടക്കുന്ന കാര്യവും അറിയാവുന്നത് ഈ സംഘടനയുടെ ചെയർമാനും പ്രസിഡന്റിനും മാത്രമാണ്. ഇത്രയും രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സാധാരണ അംഗങ്ങൾക്കോ നാഷനൽ, സ്റ്റേറ്റ് എക്സിക്യൂട്ടിവിനു പോലും ഈ പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് ബോധ്യപ്പെടുത്താറില്ല. സ്വന്തം ബിസിനസ് ആവശ്യത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് അൻസാർ പറഞ്ഞു.
അവരുടെ ബിസിനസ് വളരുന്നതല്ലാതെ സാധാരണക്കാർക്ക് ഒരു പ്രയോജനം കിട്ടുന്നില്ല. ഇതിനെ ചോദ്യം ചെയ്യുന്നവരെ കള്ള പ്രചാരണം നടത്തി പുറത്താക്കുന്ന രീതിയാണ് ഈ സംഘടന നടത്തിവരുന്നത്. മസ്കത്തിലുള്ളവർക്ക് ആദ്യം ഇൻഷുറൻസ്, മെഡിക്കൽ സഹായം ഇതിന്റെ തുടക്കം മുതൽ പറഞ്ഞുവെങ്കിലും ഒരു സഹായവും കൊടുത്തിട്ടില്ല. ജനറൽ ബോഡിയിൽ വരുന്നവരുടെ ഇഷ്ടാനുസരണമല്ല ഭാരവാഹികളെ തിരഞ്ഞെടുക്കാറെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാനിൽ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിയതിനെതുടർന്ന് അൻസാർ ജബ്ബാറിനെ മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നവംബർ ഒന്ന് മുതൽ നീക്കിയതാണെന്ന് ഡബ്ല്യു.എം.എഫ് ഒമാൻ നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഡബ്ല്യു.എം.എഫ് ആഗോള ക്യാബിനറ്റ് സമിതി ഇദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തി സംഘടനയുടെ അംഗത്വത്തിൽനിന്ന് ആറുമാസത്തേക്ക് പുറത്താക്കിയത്. വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ ഇറക്കി അംഗങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇദ്ദേഹം. ഈ കാലയളവിൽ അൻസാർ ജബ്ബാർ നടത്തുന്ന ഒരുവിധ പ്രവർത്തനങ്ങൾക്കോ സാമ്പത്തിക ഇടപാടുകൾക്കോ ഡബ്ല്യു.എം.എഫ് ഒമാന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല. ഡബ്ല്യു.എം.എഫ് പ്രവർത്തനങ്ങളുമായി വളരെ ശക്തമായിതന്നെ മുന്നോട്ടുപോകുമെന്നും ഒമാൻ നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.