മസ്കത്ത്: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിനേന രണ്ടു സർവിസുകൾ നടത്താനും തിരുവനന്തപുരത്തേക്ക് റൂട്ടുകൾ വർധിപ്പിക്കാനുമുള്ള ഒമാൻ എയറിന്റെ തീരുമാനം കേരളത്തിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമാവും. അടുത്തമാസം അവസാനം മുതലാണ് ഒമാൻ എയർ സർവിസുകൾ വർധിപ്പിക്കുന്നത്. ഇതോടെ സ്കൂൾ അവധിക്കാലത്തും മറ്റു സീസണുകളിലും ടിക്കറ്റ് ലഭിക്കാത്തതുമൂലം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് കുറവുവരും.
ഒമാൻ എയറിന്റെ പുതിയ വേനൽക്കാല ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ എല്ലാ ദിവസവും പുലർച്ച മൂന്നിന് പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ ഇന്ത്യൻ സമയം 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം ഇന്ത്യൻ സമയം രാത്രി ഏഴിനാണ് കോഴിക്കോട്ട് ലാൻഡ് ചെയ്യുക. ഇവിടെനിന്ന് ഇന്ത്യൻ സമയം രാവിലെ 8.55ന് തിരിച്ച് പുറപ്പെടുന്ന വിമാനം 10.45നും രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം 11.50നും മസ്കത്തിലെത്തും. കൊച്ചിയിലേക്ക് പുലർച്ച രണ്ടിനാണ് ആദ്യ വിമാനം. ഇന്ത്യൻ സമയം 7.15ന് ലാൻഡ് ചെയ്യും. രാവിലെ 8.25ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം ഉച്ചക്ക് ഇന്ത്യൻ സമയം 1.40ന് കൊച്ചിയിലെത്തും. ഇവിടെനിന്ന് രാവിലെ 9.55ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.05നും ഉച്ചക്ക് 3.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.50നും മസ്കത്തിൽ എത്തും. തിരുവനന്തപുരത്തേക്ക് വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മസ്കത്തിൽനിന്ന് സർവിസുകൾ ഉള്ളത്. രാവിലെ ഒമ്പതിന് പുറപ്പെടുന്ന വിമാനം ഉച്ചക്കു മുമ്പ് 11.20നാണ് തിരുവനന്തപുരത്ത് എത്തുന്നത്. മസ്കത്തിൽനിന്ന് ചെന്നൈയിലേക്ക് പുലർച്ച 2.05നും രാവിലെ 8.25നുമാണ് സർവിസുകൾ ഉള്ളത്.
ഒമാൻ എയർ കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കുന്നത് നിരക്കുകൾ കുറയാൻ സഹായകമാവുമെന്ന് പ്രവാസികൾ വിലയിരുത്തുന്നു. പുതിയ ഷെഡ്യൂൾ നിലവിൽ വന്നതോടെ മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് പല ദിവസങ്ങളിലും വൺവേക്ക് 62 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്കുകൾ. നിരക്കുകൾ കുറയുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ സ്ഥിരമായി യാത്രചെയ്യുന്ന പലരും ഒമാൻ എയറിലേക്ക് മാറും. ഒമാൻ എയറിന്റെ കൃത്യമായ സർവിസും മെച്ചപ്പെട്ട സേവനവും എയർ ഇന്ത്യ എക്സ്പ്രസിന് തിരിച്ചടിയാവുമെന്ന് പ്രവാസികൾ പറയുന്നു. ഇതോടെ ടിക്കറ്റ് നിരക്ക് കുറക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും എയർ ഇന്ത്യ എക്സ്പ്രസ് നിർബന്ധിതമാവുമെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലേക്കുള്ള ഒമാൻ എയർ വിമാന സർവിസുകൾ വർധിപ്പിച്ചത് വിനോദസഞ്ചാര മേഖലക്കും ഗുണകരമാവും. കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കെത്തുന്ന ഒമാനികൾ അടക്കമുള്ള വിദേശികളുടെ എണ്ണം വർധിക്കാനും സഹായകമാവും. അടുത്തിടെ കേരളത്തിലേക്ക് ചികിത്സക്കെത്തുന്ന ഒമാനികളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. കേരളം കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്ന ഇടമാണെന്ന് സ്വദേശികൾക്ക് അറിയാമെങ്കിലും മതിയായ വിമാന സർവിസുകൾ ഇല്ലാത്തത് പലരെയും പിന്നോട്ടു വലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.