മസ്കത്ത്: രാജ്യത്ത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ നടപ്പിൽവരും. 2023 മുതൽ 2025 വരെയുള്ള ദേശീയ അവയവ മാറ്റിവെക്കൽ പദ്ധതിയുടെ ഭാഗമായി നടപടികൾ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.
ദേശീയ അവയവം മാറ്റിവെക്കൽ പദ്ധതിയിൽ ഹൃദയം മാറ്റിവെക്കുന്നതിനുള്ള സാങ്കേതിക സമിതി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു. രാജ്യത്ത് ഹൃദയം മാറ്റിവെക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടായിരുന്നു യോഗം നടന്നത്.
ഈ നടപടിക്രമങ്ങൾക്ക് ആവശ്യമായ മെഡിക്കൽ, ശസ്ത്രക്രിയാ ഉപകരണങ്ങളും മനുഷ്യ വിഭവശേഷിയെക്കുറിച്ചും ചർച്ച ചെയ്തു. ഹൃദയം മാറ്റിവെക്കുന്നതിനായി കാത്തുനിൽക്കുന്നവരുടെ പട്ടികയും യോഗം തയാറാക്കി.
പൗരന്മാർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഹൃദയം മാറ്റിവെക്കൽ സേവനങ്ങൾ പ്രാദേശികവത്കരിക്കാനുള്ള തയാറെടുപ്പെന്ന് നാഷനൽ ഓർഗൻ ട്രാൻസ് പ്ലാൻറ് പ്രോഗ്രാം ഡയറക്ടർ ഡോ. അഹമ്മദ് ബിൻ സഈദ് അൽ ബുസൈദി പറഞ്ഞു.
അവയവങ്ങളുടെ തകരാർ മൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ ജീവൻ രക്ഷിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും പരിഹാരങ്ങളും നൽകാനും അതുവഴി സമൂഹത്തിന്റെ ആരോഗ്യം, വ്യക്തിഗത ക്ഷേമം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ദേശീയ അവയവം മാറ്റിവയ്ക്കൽ പദ്ധതി ആരോഗ്യ മന്ത്രാലയത്തിന്റെ ശിഫ ആപ്ലിക്കേഷൻ വഴി മരണാനന്തര ഹൃദയദാനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് എടുത്ത് പറയേണ്ടതാണ്.
ബോധവത്ക്കരണത്തിന്റെ ഫലമായി രാജ്യത്ത് അവയവദാനവും മാറ്റിവെക്കലും വർധിച്ചിട്ടുണ്ട്. 2023ൽ ഒമാനിൽ 19 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇതിൽ 15 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്നും നാല് എണ്ണം ദാതാക്കളിൽ നിന്നുമാണ് സ്വീകരിച്ചത്.
മുൻ വർഷത്തേക്കാൾ ഏകദേശം 20 ശതമാനം വർധനവാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 11 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടത്തി. ഒന്ന് ദാതാവിൽനിന്നും ശേഷിക്കുന്നവ മരിച്ചവരിൽ നിന്നുമായിരുന്നു എടുത്തിരുന്നത്.
അവയവ ദാനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ അൽ ഷിഫ പോർട്ടലിൽ സന്നദ്ധരായ 20,000ത്തിലധികം ദാതാക്കളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബോധവത്കരണത്തിന്റെ ഫലമായി അവയവങ്ങൾ ദാനം ചെയ്യാനായി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ആളുകളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ ദാതാവിന്റേയും രോഗിയുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അവയവ ദാനം നിരവധി ജീവൻ രക്ഷിക്കുന്നു, എന്നാൽ, ദാതാക്കളെ കിട്ടാത്തത് വെല്ലുവിളിയാണെന്ന് ശസ്ത്രക്രിയാ വിദഗ്ധരും മറ്റും പറയുന്നു.
അവയവദാനത്തെ ജനകീയമാക്കുന്നതിൽ സാമൂഹിക അവബോധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സുൽത്താനേറ്റിൽ ഏകദേശം 2,500 വൃക്കരോഗികളാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്. പൊരുത്തമുള്ള ദാതാക്കൾ അവരുടെ വൃക്കയുടെ ഒരു ഭാഗം നൽകാൻ തയാറായാൽ ഈ രോഗികളുടെ കഷ്ടപ്പാടുകൾ കുറക്കാൻ സഹായകമാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. അവയവ ദാനത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വർധിച്ചുവരുന്നുണ്ട്.
മരണാനന്തര അവയവ ദാനത്തിനായി ഷിഫ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നവർ കൂടിക്കൊണ്ടിരിക്കുകയാണ്, ഇത് ഒരു നല്ല അടയാളമാണെന്ന് അവയവം മാറ്റിവെയ്ക്കൽ ദേശീയ പരിപാടിയുടെ സൂപ്പർവൈസർ ഡോ അഹമ്മദ് അൽ ബുസൈദി നേരത്തെ പറഞ്ഞിരുന്നു.
മെഡിക്കൽ സ്റ്റാഫുകൾക്ക് പരിശീലനം നൽകി അവയവ ദാനവും മാറ്റിവെയ്ക്കലും വികസിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങളും നൈതിക മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അനുഗ്രഹാശിസ്സുകളോടെ അവയവം മാറ്റിവെക്കലിനുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണ മേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടമുണ്ടാക്കും. ഒരു ഡാറ്റാബേസ് സജ്ജീകരിക്കാനും അവയവ ദാനത്തിലും മാറ്റിവെക്കലിലുമുള്ള വെല്ലുവിളികൾ നേരിടാനും ഇത് ഒമാനെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.