മസ്കത്ത്: ആശയവിനിമയ, വിവര സാങ്കേതിക മേഖലയിൽ കൈകോർത്ത് ഒമാനും ഫലസ്തീനും. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിനായി ഇരു രാജ്യങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഫലസ്തീൻ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്ന ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ഒമാൻ ടെലികമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമാണ് ധാരണയിലെത്തിയത്.
ആശയവിനിമയം, വിവര സാങ്കേതിക രംഗങ്ങളിൽ സഹകരണം വർധിപ്പിക്കുക എന്നതാണ് ധാരണപത്രം ലക്ഷ്യം വെക്കുന്നത്. രണ്ട് രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ ഒപ്പുവെച്ച ഈ കരാറിന് പിന്നാലെ ആശയവിനിമയ, ഐ.ടി മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ തമ്മിൽ വാണിജ്യ പങ്കാളിത്തം വർധിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇരു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ മാറ്റം കൊണ്ടുവരുമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ഹമൂദ് അൽ മവാലിയും ഫലസ്തീനിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഇക്കോണമി മന്ത്രി ഡോ. അബ്ദുൾ റസാഖ് അൽ നത്ഷെയും പറഞ്ഞു.
അതേസമയം രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിൽ കൂടുതൽ സ്വദേശികൾ ജോലി അന്വേഷിക്കുന്ന മേഖലകളിലൊന്നാണ് ഐടി. സ്വദേശി വത്കരണം നടപ്പിലാക്കിത്തുടങ്ങിയതോടെ ഐടി മേഖലയിലെ സ്വദേശികളുടെ എണ്ണത്തിൽ ഗണ്യമായ വർധവുണ്ടായതായി മന്ത്രാലയം പറയുന്നു. 49.1 ശതമാനം പ്രവാസി തെഴിലാളികളാണ് കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം 62.02 ശമാനമായി സ്വദേശികളുടെ എണ്ണം ഉയർന്നു. നിലവിൽ പ്രവാസി തൊഴിലാളികൾ 37.98 ശതമാനം മാത്രമാണ് ഈ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.