മസ്കത്ത്: മനുഷ്യക്കടത്തിനെതിരായ ലോക ദിനം ഒമാനിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. ആഗോളതലത്തിൽ ജൂലൈ 30 ആണ് മനുഷ്യക്കടത്തിനെതിരായ ദിനമായി ആചരിക്കുന്നത്. മനുഷ്യന്റെ അന്തസ്സിനെ ഗുരുതരമായി ബാധിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഈ പ്രവർത്തിക്കെതിരെ മികച്ച പോരാട്ടമാണ് സുൽത്താനേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്.
മനുഷ്യക്കടത്ത് ചെറുക്കുന്നതിൽ റോയൽ ഒമാൻ പൊലീസ് മികച്ച പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി ഊന്നിപ്പറഞ്ഞു. എല്ലാത്തരം മനുഷ്യക്കടത്തും ഇല്ലാതാക്കുന്നതിൽ ഏകോപിത ശ്രമങ്ങളാണ് ആർ.ഒ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർക്കായി നിരവധി പരിശീലന പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പരിശീലനം നൽകിയിട്ടുള്ളത്.മനുഷ്യക്കടത്ത് ഇരകളെ നേരത്തേ കണ്ടെത്തുന്നത് മെച്ചപ്പെടുത്താനാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
ഒമാനിൽ ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങൾ ചെയ്ത് വ്യക്തികളെ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും നിർബന്ധിക്കുന്നതിനും വേണ്ടി വിദേശത്ത് വ്യാജ പരസ്യങ്ങൾ നൽകിവരുന്നതായി നിരീക്ഷിച്ചിട്ടുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
സമ്മതമില്ലാതെ തൊഴിലാളികളുടെ പാസ്പോർട്ടുകളോ തിരിച്ചറിയൽ രേഖകളോ തടഞ്ഞുവെക്കുക, തൊഴിലിനായി ഫാമിലി അല്ലെങ്കിൽ ടൂറിസ്റ്റ് വിസകളിൽ തൊഴിലാളികളെ കൊണ്ടുവരുക എന്നിങ്ങനെയുള്ള കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ചില തൊഴിലുടമകൾ തൊഴിലാളികളെ കടബാധ്യതക്ക് വിധേയരാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിസയും യാത്രാ ചെലവുകളും തിരിച്ചടക്കുന്നതിന് ഒന്നിലധികം ജോലികൾ ചെയ്യാൻ അവരെ നിർബന്ധിക്കുന്നു.
ചിലർ സമൂഹ മാധ്യമങ്ങളിലൂടെ ഗാർഹിക തൊഴിലാളികൾക്ക് ആകർഷകമായ വേതനം വഗ്ദാനം ചെയ്ത് ഇവരെ ടൂറിസ്റ്റ് വിസകളിൽ കൊണ്ടുവരുന്നുണ്ട്. തൊഴിൽ നിയമം ലംഘിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ കാരണം തൊഴിലാളികൾ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്ക് വിധേയരാകേണ്ടിവരുകയും ചെയ്യേണ്ടി വരുന്നുണ്ട്. ഒരു ആഫ്രിക്കൻ രാജ്യത്തുനിന്ന് ഒമാൻ വഴി യൂറോപ്പിലേക്ക് കുട്ടിയെ കടത്തുന്നത് തടയാൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കഴിഞ്ഞ ശ്രദ്ധേയമായ സംഭവവും ബ്രിഗേഡിയർ അൽ ഖുറൈഷി ചൂണ്ടിക്കാണിച്ചു.
ആർ.ഒ.പി ഉദ്യോഗസ്ഥരുടെ ജാഗ്രതയും തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത് എന്നിവയെക്കുറിച്ചുള്ള സംശയവുമാണ് ഈ കുറ്റകൃത്യം തടയാനും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാനും സാധിച്ചത്. കുട്ടിക്ക് ആരോഗ്യവും മനഃശാസ്ത്രപരവുമായ പരിചരണം നൽകി മാതൃരാജ്യത്തേക്ക് തിരിച്ചയക്കാനും കഴിഞ്ഞു.
ഈ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി വ്യക്തവും ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടതുമായ തൊഴിൽ കരാറുകളിൽ ഏർപ്പെടേണ്ടതാണെന്നും അൽ ഖുറൈഷി ഊന്നിപ്പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിന് മുഗണന നൽകുന്നതിന്റെ ഭാഗമായി മനുഷ്യക്കടത്തിന്റെ ഇരകൾക്കായുള്ള ദേശീയ റഫറൽ സംവിധാനത്തിന്റെ ആദ്യ ഘട്ടം ഒമാൻ പൂർത്തിയാക്കി.
ഇരകളെ തിരിച്ചറിയുന്നതിന് പിന്തുണ നൽകുക, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, അന്വേഷണവും തെളിവുകളും ഉൾപ്പെടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നിവയുമായി ബന്ധപ്പെട്ട അധികാരികൾ (റോയൽ ഒമാൻ പോലീസ്, തൊഴിൽ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ) തമ്മിലുള്ള ഏകോപനമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. മനുഷ്യക്കടത്ത് ചെറുക്കുന്നതിൽ കമ്യൂണിറ്റികൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് മനസ്സിലാക്കി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പിന്തുടർന്ന് വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ കമ്മ്യൂണിറ്റി അവബോധം വർധിപ്പിച്ചു.
ശ്രാവ്യ-ദൃശ്യ മാധ്യമങ്ങളിലൂടെയും സർവ്വകലാശാലകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രഭാഷണങ്ങളിലൂടെ മനുഷ്യക്കടത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉപദേശവും മാർഗനിർദേശവും നൽകുകയും ചെയ്യുന്നുണ്ടെന്ന് ഖുറൈഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.