മസ്കത്ത്: ഒമാനിലെ വാരാന്ത്യ അവധി രണ്ടുദിവസത്തിന് പകരം മൂന്നുദിവസമായി ഉയർത്താൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവോയ്ൻ വ്യക്തമാക്കി. ഔദ്യോഗിക പ്രവൃത്തിദിനങ്ങൾ നാലായി കുറക്കുമോയെന്ന് തിങ്കളാഴ്ച ശൂറാ കൗൺസിൽ യോഗത്തിൽ അംഗം ചോദിച്ചിരുന്നു. ശൂറാ കൗൺസിൽ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ-മവാലിയുടെ അധ്യക്ഷതയിൽ നടന്ന ഒമ്പതാം ടേമിന്റെ നാലാമത് വാർഷിക സിറ്റിങ്ങിന്റെ ഏഴാമത്തെ പതിവ് സെഷനിലായിരുന്നു തൊഴിൽ മന്ത്രിയുടെ മറുപടി. നിരവധി രാജ്യങ്ങളെ പിന്തുടർന്ന് ഒമാനിലും പ്രവൃത്തി ദിവസം നാലാക്കുമെന്ന് ചർച്ചകൾ നടന്നിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രിയുടെ മറുപടിയോടെ വ്യക്തത വന്നിരിക്കുന്നത്.
തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് 2021 ജനുവരി മുതൽ 2022 ഡിസംബർ വരെ പൊതു-സ്വകാര്യ മേഖലകളിലായി 86,530 പുരുഷ-വനിത പൗരന്മാർക്ക് തൊഴിൽ നൽകിയതായി മന്ത്രി പറഞ്ഞു. ഒമാൻ വിഷൻ 2040ന്റെ ആദ്യ എക്സിക്യൂട്ടിവ് പ്ലാനിലെ മന്ത്രാലയത്തിന്റെ നയങ്ങൾ, പദ്ധതികൾ, പരിപാടികൾ, പൊതു-സ്വകാര്യ മേഖലകളിലെ ജോലികൾ നിയന്ത്രിക്കുന്ന നിയമനിർമാണങ്ങൾ, നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. തൊഴിലുകൾ സ്വദേശിവത്കരിക്കുന്നതിനായി പുതിയ സംവിധാനം കണ്ടെത്തുക, ദേശീയ തൊഴിൽനയം രൂപവത്കരിക്കുക തുടങ്ങി നിരവധി തന്ത്രപരമായ പരിപാടികൾ വികസിപ്പിക്കുന്നതിൽ മന്ത്രാലയം പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിപണിയിൽ തൊഴിലാളികളുടെ എൻറോൾമെന്റിനും സ്ഥിരതക്കും സംഭാവന നൽകുന്ന രീതിയിൽ ഒമാനികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രാലയം 91 വ്യത്യസ്ത സേവനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.