മസ്കത്ത്: മനസ്സിനും ശരീരത്തിനും കുളിരണയിപ്പിച്ചെത്തുന്ന ഖരീഫ് സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വരവേൽക്കാനൊരുങ്ങി ദോഫാറിലെ മലയോര ഗ്രാമങ്ങളിൽ ആട്ടിൻകൂട്ടങ്ങളോടൊപ്പം താമസിക്കുന്ന ഒട്ടക ഉടമകളും. തങ്ങളുടെ ഒട്ടകങ്ങളെ സലാലയുടെ സമതലങ്ങളിലേക്ക് അവർ കൊണ്ടുവരാൻ തുടങ്ങി.
ഖരീഫ് സീസണിൽ സലാലയിലും പരിസരപ്രദേശങ്ങളിലും ധാരാളം മഴ ലഭിക്കും. ഇതോടെ പ്രകൃതി കൂടുതൽ പച്ചപ്പണിഞ്ഞ് സുന്ദരിയാകും. ഈ സൗന്ദര്യം നുകരാൻ ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം ആയിരകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകുക. എന്നാൽ, വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാലാവസ്ഥ വളരെ മനോഹരമാണെങ്കിലും, വൻതോതിലുള്ള ഈർപ്പം കാരണം പർവതങ്ങളിലെ കാലാവസ്ഥ ഒട്ടകങ്ങൾക്ക് അനുയോജ്യമല്ല. മഴയും ചതുപ്പ് നിലങ്ങളും ഒട്ടകങ്ങൾക്ക് ചരിവുകളിൽ നടക്കാൻ പ്രയാസമുണ്ടാക്കും. കൂടാതെ, പർവതങ്ങളിലെ ഈർപ്പവും കൊതുകിനെയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാൻ ഇവർക്ക് കഴിയാറില്ല.
‘ഒട്ടകങ്ങൾ ഭാരമേറിയ മൃഗങ്ങളാണ്, നീളമുള്ള കാലുകളും പാദങ്ങളുടെ അടിത്തട്ടും ഉണ്ട്. മഴയിൽ മലഞ്ചെരുവിലുടെയുള്ള ഇവയുടെ നടത്തം ദുഷ്കരമാണ്. അതിനാൽ ഞങ്ങൾ അവരെ പർവത ഗ്രാമങ്ങളോട് അടുപ്പിക്കുകയും അവയെ സൂക്ഷിക്കാൻ ചുറ്റുപാടുകളും കൂടാരങ്ങളും നിർമ്മിക്കുകയും ചെയ്യുന്നു’ -ഹംറാൻ ഗ്രാമത്തിലെ ബഖിത് അൽ സഹ്രി പറഞ്ഞു. ഖരീഫ് സീസണിന്‍റെ ഭാഗമായി ഒട്ടക ഓട്ടം, ഒട്ടകപ്പാൽ മത്സരം എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ ഉടമകൾ പങ്കെടുക്കും. ഖരീഫ് സീസണിലെത്തുന്നവർ ഈ ഒട്ടകങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും സലാലയിലെ പതിവ് കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.