മസ്കത്ത്: യുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സഹായം ഗസ്സയിലെ ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മസ്കത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമിതി സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീനിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളും താമസക്കാർക്ക് നേരെ നടത്തുന്ന വിവേചനരഹിതമായ ബോംബിങ്ങുകളും യോഗം ചർച്ച ചെയ്തു. ഇതുകാരണം ആയിരക്കണക്കിന് സാധാരണക്കാർക്ക് മരണവും പരിക്കും ഉണ്ടായതായും ഇതുമൂലം മേഖല നേരിടാൻ പോകുന്ന അപകടകരമായ വെല്ലുവിളികളും യോഗം ചർച്ച ചെയ്തു.
നിലവിൽ ജി.സി.സി അധ്യക്ഷ സ്ഥാനത്തുള്ള ഒമാന്റെ അഭ്യർഥനയെ തുടർന്നാണ് ജി.സി.സി മന്ത്രിസഭ സമിതിയുടെ 43ാമത് അടിയന്തര യോഗം മസ്കത്തിൽ ചേർന്നത്. യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി അധ്യക്ഷത വഹിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർആൻ അൽ സഊദ്, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, കുവൈത്ത് വിദേശ കാര്യ മന്ത്രി ശൈഖ് സാലം അൽ അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ജി.സി.സി ജനറൽ സെക്രട്ടറി ജാസിം ബിൻ മുഹമ്മദ് അൽ ബുദൈവി എന്നിവരാണ് പങ്കെടുത്തത്.യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാരെയും പ്രമുഖരെയും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.