മസ്കത്ത്: പ്രസവാവധിക്കും പിതൃത്വ അവധിക്കും അർഹരായ മാതാവിനും പിതാവിനും ആനുകൂല്യങ്ങൾക്കും മറ്റും അപേക്ഷനൽകാമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്) അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ആനുകൂല്യങ്ങക്കാണ് നിലവിൽ അപേക്ഷനൽകേണ്ടത്. ആഗസ്റ്റ് അവസാന വാരത്തോടെ ആനുകൂല്യങ്ങൾ അനുവദിക്കുമെന്നും എസ്.പി.എഫ് വ്യക്തമാക്കി. പ്രസവാവധിക്കും മറ്റുമുള്ള അലവൻസുകൾക്കായി അപേക്ഷിക്കാൻ എസ്.പി.എഫിന്റെ പോർട്ടലുകൾ നിലവിൽ സൈറ്റുകളിൽ സജീവമാണ്.
അപേക്ഷ നൽകുന്നതിലെ സുതാര്യതക്കും വേഗതക്കും മറ്റു ആനുകൂല്യ നേട്ടങ്ങൾക്കും എസ്.പി.എഫിന്റെ www.spf.gov.om എന്ന വെബ്സൈറ്റ് ഉപയോഗിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്. അവധി കാലയളവിലെ ശമ്പളവും അവർക്കായി അനുവദിക്കും. ഈ തുക വഹിക്കുന്നത് എസ്.പി.എഫിന്റെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയായിരിക്കും.
സാമൂഹിക സംരക്ഷണ നിയമ പ്രകാരം കുട്ടി ജനിക്കുന്നതിന് മുമ്പും ശേഷവും നിശ്ചിത കാലഘട്ടത്തിലേക്ക് പ്രസവാവധിക്കും, പിതൃത്വ അവധിക്കും രാജ്യത്തുള്ള മാതാപിതാക്കൾ യോഗ്യരാണ്. അത് പ്രകാരമുള്ള ആനുകൂല്യങ്ങൾക്കും അവർ യോഗ്യരായിക്കും.
ഒമാനി രക്ഷിതാക്കൾക്ക് പുറമെ പ്രവാസി രക്ഷിതാക്കൾക്കും അവധിക്കായി അപേക്ഷിക്കാം. ഈ നിയമം തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാനും കുടുംബങ്ങളുടെ ക്ഷേമം വർധിക്കാനും കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.