പ്ലസ് ടു കോഴക്കേസ് വിധി പിണറായിക്കേറ്റ അടിയെന്ന് കെ.എം. ഷാജി; കേക്ക് മുറിച്ച് ആഘോഷം

മസ്കത്ത്: പ്ലസ് ടു കോഴക്കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സർക്കാറും ഇ.ഡിയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടലിക്കേറ്റ അടിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കോടതി വിധിക്കു പിന്നാലെ മസ്കത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സമ്മർദ്ദങ്ങളെയും ഭരണ ഗൂഢാലോചനകളെയും തകർത്തെറിഞ്ഞ് ഒടുവിൽ വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുകയാണ്. കേസ് ആദ്യം മുതൽക്കേ നിലൽക്കില്ലെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചിട്ടും വൈരാഗ്യബുദ്ധിയോടെയായിരുന്നു മുന്നോട്ടുപോയിരുന്നത്. ഓരോ സിറ്റിങ്ങിനും കോടികൾ വാങ്ങുന്ന വക്കീലന്മാരെ വെച്ചായിരുന്നു സർക്കാർ വാദിച്ചിരുന്നത്. പൊതു ഖജനാവിൽനിന്ന് ഇങ്ങനെ നഷ്ടടമായ തുക എങ്ങനെ തിരിച്ച് പിടിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. പ്ലസ്ടു അനുവദിച്ചതിന് തുക ആവശ്യപ്പെട്ട് ആരാണ് സ്കൂളിനെ സമീപ്പിച്ചതെന്നും ഇനിയെങ്കിലും സർക്കാർ മറുപടി പറയണം. ഈ കേസിലേക്ക് ഇ.ഡിയെ സർക്കാർ വിളിച്ചു വരുത്തുകയായിരുന്നു. പിണറായി സര്‍ക്കാറിനൊപ്പം മോദി ഭരണകൂടത്തിന്റെ ഇ.ഡിയും കൈകോര്‍ത്താണ് വേട്ടയാടിയത്. ഇതിന്റെ അനുബന്ധമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കള്ളക്കേസെടുത്ത് വീടുപോലും കണ്ടുകെട്ടാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു.

2016ൽ നികേഷ് കുമാറിനെ തോൽപ്പിച്ചതോടെയാണ് ഇടതുപക്ഷം എനിക്ക് എതിരെ തിരിയാൻ തുടങ്ങിയത്. പിണറായി സര്‍ക്കാറിന്റെയും വിശിഷ്യാ മുഖ്യമന്ത്രിയുടേയും മാഫിയ ബന്ധം തുറന്നെതിര്‍ത്തതോടെയാണ് വിദ്വേഷം പാരമ്യത്തിലെത്തിയത്. ജയിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും കേസുമായി മുന്നോട്ടുപോയത് എന്റെ സമയവും പണവും നഷ്പ്പെടുത്തമെന്ന് കരുതിയാണ്. അതിൽ അവർ ആനന്ദിക്കുകയും ചെയ്തു. എന്നാൽ, സർക്കാറിന്റെ വേട്ടകൊണ്ട് പൊതു സമൂഹത്തിൽനിന്ന് പൊതുപ്രവർത്തകനെന്ന നിലയിൽ എനിക്ക് കിട്ടിയ പിന്തുണ വലുതാണ്. അത് അവർക്ക് മനസിലാക്കാനായില്ല. കേസ് ഹൈകോടതിയിൽനിന്ന് തള്ളിയപ്പോൾതന്നെ സി.പി.എമ്മിലെ രണ്ട് സമുന്നത നേതാക്കൾ ഒത്തുതീർപ്പുമായി എന്നെ സമീപിച്ചിരുന്നു. കേസ് അങ്ങനെ വിട്ടുകൊടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അണികളെ ഉപയോഗിച്ച് കായികമായി ആക്രമിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു.

പൊതുപ്രവര്‍ത്തകനെ രാഷ്ട്രീയ പകയോടെ വേട്ടയാടുകയും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തതിന് മാപ്പു പറയാനുള്ള മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അവരത് ചെയ്യണം. കള്ളക്കേസെടുത്ത് പിന്തുടര്‍ന്ന്, വേട്ടയാടി, ഭയപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായിയുടെ മനകോട്ടയാണ് കോടതി പൊളിച്ചടുക്കിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്‍ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ചേര്‍ത്തുപിടിച്ച നേതൃത്വത്തോട് നന്ദി പറയുകയണ്. ദുര്‍ഭരണത്തില്‍ മത്സരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജമാണ് സുപ്രീംകോടതി വിധിയോടെ കൈവന്നതെന്നും ഷാജി പറഞ്ഞു. കേസിലെ വിജയം സുഹൃത്തുക്കളോടൊപ്പം മസ്കത്തിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

Tags:    
News Summary - Plus Two corruption case verdict was a blow to Pinarayi -KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.