മസ്കത്ത്: ഉള്ളിവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രാദേശികമായി ഉള്ളി ഉൽപാദനം വർധിപ്പിക്കുമെന്നും വിവിധ ഗവർണറേറ്റുകളിൽ ഉള്ളി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകർക്ക് അവസരം നൽകുമെന്നും കാർഷിക, മത്സ്യ ജല വിഭവ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഒമാനിൽ വർഷം തോറും 14,866 ടൺ ഉള്ളിയാണ് കൃഷി ചെയ്യുന്നത്. ഇത് ഒമാനിൽ വിതരണം ചെയ്യുന്ന ഉള്ളിയുടെ 14 ശതമാനം മാത്രമാണ്.
പ്രാദേശികമായ ഉള്ളി ഉൽപാദനം വർധിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഉള്ളി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. ഒമാനിൽ ഒരു ദിവസം 300 മുതൽ 400 ടൺ വരെ ഉളളിയാണ് വിപണനം ചെയ്യുന്നത്. നിലവിൽ ഉള്ളിയുടെ വില 300 ശതമാനം വർധിച്ചിട്ടുണ്ട്. 2023ൽ കിലോക്ക് 140 ബൈസ മുതൽ വർധിച്ച് ഡിസംബർ ആകുമ്പോൾ 474 ബൈസ വരെ എത്തിയിരുന്നു. ഫെബ്രുവരി പകുതിയായപ്പോൾ കിലോക്ക് 600 ബൈസ കടന്നിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതിക്ക് നിരോധനം എർപ്പെടുത്തിയതാണ് ഒമാനിൽ ഉള്ളിവില വർധിക്കാൻ പ്രധാന കാരണം. ഇറക്കുമതി ചെയ്യുന്ന ഉള്ളിയുടെ 44 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഡിസംബർ എട്ട് മുതലാണ് ഒമാനിൽ ഉള്ളി പ്രശ്നം ആരംഭിച്ചത്. മാർച്ച് വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ പെയ്ത മഴ ഉൽപാദനത്തെ ബാധിച്ചിരുന്നു. ഓരോ വർഷവും 43,000 ടൺ ഉള്ളിയാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വില വർധനവ് നേരിടാൻ ഇറാൻ, തുർക്കിയ, ഈജിപ്ത്, പാകിസ്താൻ, യമൻ എന്നീ രാജ്യങ്ങളിൽനിന്ന് കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യാൻ സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞവർഷം ഈജിപ്ത്, യമൻ എന്നീ രാജ്യങ്ങളും ഉള്ളി കയറ്റുമതി നിരോധനം നടപ്പാക്കിയിരുന്നു.
ഉൽപാദനം കുറയുമ്പോൾ ആഭ്യന്തര മാർക്കറ്റിലെ ഉള്ളി ക്ഷാമം കുറക്കാനും വില വർധിക്കുന്നത് തടയാനുമാണ് പല രാജ്യങ്ങളും കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഉള്ളി ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തു ആയതിനാൽ ഉള്ളിയുടെ വില വർധന പൊതുജനങ്ങളെ പെട്ടെന്ന് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.