മസ്കത്ത്: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർക്ക് മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ഒമാൻ. ഖത്തർ ലോകപ്പിനോടനുബന്ധിച്ച് ഒമാൻ നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം നടത്തിയ വാർത്ത സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സൗജന്യമാണെന്നും 60 ദിവസത്തേക്ക് സാധുതയുണ്ടാകുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചു. ഹയ്യ കാർഡ് ഉടമകൾക്ക് കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും ഇതിലൂടെ സാധിക്കും. ലോകകപ്പിനോടനുബന്ധിച്ച് യു.എ.ഇയും സൗദിയും മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ചിട്ടുണ്ട്.
ഒമാൻ അധികൃതർ പ്രഖ്യാപിച്ച മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ മസ്കത്ത്, സലാല അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾക്ക് ഉണർവേകുമെന്ന് സ്കൈ റെയ്സ് ട്രാവൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് റസൽ പറഞ്ഞു.
ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാൻ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളെ സ്വീകരിക്കുന്ന പ്രധാന നഗരമായി മസ്കത്തിനെ മാറ്റും. ഖത്തറിലേക്ക് ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിനായി കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുമെന്ന് ഒമാൻ എയറിലെ ഗവൺമെന്റ് അഫയേഴ്സ് സീനിയർ ഡയറക്ടർ ഡോ. ഖാലിദ് ബിൻ അബ്ദുൽ വഹാബ് അൽ ബലൂഷി പറഞ്ഞു. ഇക്കണോമി ക്ലാസിന് 99 റിയാൽ മുതലും ബിസിനസ് ക്ലാസിന് 305 റിയാൽതൊട്ടും ബുക്കിങ്ങുകൾ ആരംഭിക്കും. എന്നാൽ, സ്വദേശി പൗരന്മാർക്ക് പ്രത്യേക ഇളവുകൾ നൽകും. ഇക്കണോമി ക്ലാസിന് 49 റിയാലും ബിസിനസ് ക്ലാസിന് 155ഉം ആണ് ഈടാക്കുക. ഒമാനിൽനിന്ന് ഖത്തറിലേക്ക് പ്രതിദിനം 3,000 ഫുട്ബാൾ ആരാധകരെ ഒമാൻ എയർ കൊണ്ടുപോകും. ഹോട്ടൽ മേഖലയിലും വിപുലമായ സൗകര്യങ്ങളാണ് സുൽത്താനേറ്റ് നടത്തിയിട്ടുള്ളത്.
വിവിധ ഗവർണറേറ്റുകളിലെ 11 വിലായത്തുകളിലായി 200 റിസോർട്ടുകളും 20,000ത്തിലധികം ഹോട്ടൽ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം വിവിധ പരിപാടികളും നടത്തും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ലോകകപ്പ് ആരാധകർക്കായി ഫെസ്റ്റിവെൽ ഗ്രാമവും ഒരുക്കും.
ഖത്തർ ലോകകപ്പ് വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തുനിന്നുള്ള കാണികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും ലോകകപ്പ് വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ് ഹയ്യ കാർഡ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയാണ് ഫാൻ ഐഡി കാർഡായ ഹയ്യക്ക് അപേക്ഷിക്കേണ്ടത്.
മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികൾക്കും സ്വന്തം പേരിൽ ഹയ്യാ കാർഡിന് അപേക്ഷിക്കാവുന്നതാണ്. ഖത്തറിനു പുറത്തു നിന്നും അപേക്ഷിച്ചാൽ അഞ്ചു ദിവസത്തിനുള്ളിലും, ഖത്തറിൽ നിന്നുള്ള അപേക്ഷകന് മൂന്നു ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും. നിശ്ചിത ദിവസം കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടിയായില്ലെങ്കിൽ 0097444412022 ഹയ്യാകാർഡ് കാൾസെന്ററിൽ ബന്ധപ്പെടാവുന്നതാണ്. ഫിഫ അംഗീകൃത ഭാഷകളിൽ കാൾസെന്റർ സേവനം ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.