കണ്ണൂർ ജില്ലയിലെ മാടായി ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. പഠിക്കുന്ന കാലത്ത് നോമ്പിനെ കുറിച്ച് കൂട്ടുകാരികളിൽ നിന്നും കേട്ട് മനസ്സിലാക്കിയിരുന്നെങ്കിലും ഹൈന്ദവ വിശ്വാസികളുടെ ഏകാദശി, ശിവരാത്രി പോലുള്ള ഒരു അനുഷ്ഠാനമായിരിക്കും ഇസ്ലാം മത വിശ്വാസികളുടെ റമദാൻ നോമ്പും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ റമദാൻ വ്രതത്തിന്റെ മഹത്വം കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത് ഒമാനിലെ പ്രവാസ ജീവിതത്തിനിടയിലായിരുന്നു.
ഇവിടെ എത്തിയ ശേഷമുള്ള ആദ്യ റമദാനായപ്പോൾ ലേഡീസ് ടൈലറിങ് ഷോപ്പ് നടത്തുകയായിരുന്ന ഭർത്താവിന്റെ ജോലി സമയത്തിലുണ്ടായ മാറ്റം ഞങ്ങളുടെ ഭക്ഷണം സമയ ക്രമത്തിലും മാറ്റം വരുത്തി. വൈകുന്നേരം അഞ്ചു മണിക്കാണ് ഭർത്താവ് ഭക്ഷണം കഴിക്കാൻ വരാറുള്ളത്. അത് കൊണ്ടുതന്നെ ഞങ്ങളുടെ ഭക്ഷണരീതിയും ഏതാണ്ട് നോമ്പുകാലത്തേത് പോലെയായി. അത് കൊണ്ട് നോമ്പ് എന്താണെന്നറിഞ്ഞു നോമ്പെടുക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് നോമ്പനുഷ്ഠാനം വളരെ എളുപ്പമായിരുന്നു.
ഇസ്ലാം വിശ്വാസികൾ നോമ്പ് എടുക്കുന്നത് പോലെ നോമ്പിന്റെ മഹത്വമറിഞ്ഞു ഞങ്ങൾ നോമ്പെടുക്കാൻ തുടങ്ങിട്ട് ഇപ്പോൾ പതിനഞ്ച് വർഷമായി. ആദ്യമായി ഒരു ഇഫ്താറിൽ പങ്കെടുത്തത് അൽ ഖുവൈർ മലർവാടി സൗഹൃദക്കൂട്ടത്തിനോടൊപ്പമായിരുന്നു. അത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു നോമ്പുതുറ അനുഭവത്തിന്റെ ഓർമ ദിനം തന്നെയായിരുന്നു.
പതിനഞ്ചു വർഷം മുമ്പ് മകൻ സിദ്ധാർഥിന് ഒരു സർജറി വേണ്ടി വന്നു. അതിനായി ഒമാനിലുള്ള ആശുപത്രിയിൽ അഡ്മിറ്റാവുന്നത് ഒരു റമദാൻ കാലത്തായിരുന്നു. ഓപറേഷന്റെ തലേ ദിവസം വൈകുന്നേരം മുതൽ കുട്ടിക്ക് ആഹാരം നൽകരുതെന്ന് ഡോക്ടർ പറഞ്ഞു. കണ്ണന് ആഹാരം ഒന്നും കഴിക്കാൻ പാടില്ലല്ലോ എന്നാൽ ഞാനും ഒന്നും കഴിക്കില്ലെന്നായി മകൾ വിസ്മയ. അങ്ങനെ മകളുടെ തീരുമാനത്തോടൊപ്പം ചേരാൻ ഞങ്ങളും തീരുമാനിച്ചു.
പരിശുദ്ധമാക്കപ്പെട്ട റമദാൻ മാസമാണല്ലോ എങ്കിൽ നമ്മൾക്ക് റമദാൻ നോമ്പ് പിടിച്ചാലെന്താ എന്ന് ഭർത്താവ് പറഞ്ഞപ്പോൾ ഞാനും മകളും നോമ്പ് എടുക്കാൻ തയ്യാറായി. മകന്റെ ഓപ്പറേഷൻ സുരക്ഷിതമായിരിക്കണമേ എന്ന പ്രാർഥനയോടെ വേദനിക്കുന്ന മനസ്സുമായാണ് ഞങ്ങൾ നോമ്പ് എടുക്കാൻ തുടങ്ങിയത്. മകൾ ഒരു ആപ്പിൾ എടുത്ത് കൊണ്ട് വന്നു പറഞ്ഞു. ഇതാണ് എന്റെ അത്താഴം. ഇങ്ങിനെ നോമ്പിന്റെ അത്താഴവും, നോമ്പുതുറയും ഒക്കെ മനസ്സിലാക്കാൻ ഇടയായത് ഞങ്ങളുടെ അയൽവാസിയായ മലപ്പുറക്കാരനായ നാസർക്കയാണ്.
നാസർക്കയുടെയും ഖുർഷിദ്, നാനാ എന്നിവരുടെയും കൈയിലുണ്ടാവാറുള്ള പലഹാരപ്പൊതിയും, ഞങ്ങൾ കരുതുന്ന പഴ വർഗങ്ങളും ഒന്നിച്ചിരുന്ന് കഴിക്കുന്ന ഒരു ശീലം അന്ന് ഞങ്ങൾക്കുണ്ടായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞ നാളുകളിൽ കടയിലെ ജോലിക്കാരായ നാനയുടെയും ഖുർഷിദിന്റെയും നമസ്കാരം കണ്ടു കുട്ടികൾ മുസല്ലയിൽ അത് പോലെ നമസ്കരിക്കുമായിരുന്നു. അവരുടെ ചെറുപ്രായത്തിൽ തന്നെ ഇസ്ലാം വിശ്വാസത്തിലെ റമദാൻ നോമ്പും, നമസ്കാരവും അവരുടെ കൂടി ജീവിതത്തിന്റെ ശീലങ്ങളായി.
പ്രാർഥനകൾ സ്വീകരിക്കപ്പെട്ടത് പോലെ, മകന്റെ ഓപ്പറേഷൻ വിജയകരമായിരുന്നു. പിന്നീട് പ്രയാസങ്ങളൊന്നുമില്ലാതെ പെട്ടെന്ന് സുഖപ്പെടുകയും ചെയ്തു. റമദാനിൽ കിട്ടിയ ഈ അനുഗ്രഹത്തിനുള്ള നന്ദിയെന്നോണം അന്ന് മുതൽ എല്ലാ വർഷവും കൃത്യമായി, ചിട്ടയോടെ റമദാൻ വൃതം അനുഷ്ഠിച്ചു പോരുന്നു. പിന്നീടങ്ങോട്ട് പുണ്യ റമദാൻ മാസമായാൽ ഞങ്ങൾ നോമ്പ് മുടക്കിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഈ വർഷം ഞങ്ങൾക്ക് നോമ്പെടുക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ മക്കൾ രണ്ടു പേരും ഇപ്രാവശ്യവും പതിവ് പോലെ നോമ്പ് അനുഷ്ടിക്കുന്നുണ്ട്.
എല്ലാ വർഷത്തേയും പോലെ കഴിഞ്ഞ ദിവസമാണ് പ്രചോദന മലയാളി സമാജത്തിന്റെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. അത് പോലെ ഏട്ടന്റെ കടയിലെ ജോലി ചെയ്യുന്നവർക്ക് വേണ്ടി ഞങ്ങൾ എല്ലാ വർഷവും നോമ്പുതുറ സംഘടിപ്പിക്കാറുണ്ട്. ഉപവാസത്തിലൂടെ ശാരീരിക ആരോഗ്യവും, ഈശ്വര പ്രീതി നേടാൻ കഴിയുന്ന സന്തോഷവും അനുഭവിക്കാനും, ഒപ്പം ചേരാൻ കഴിയുന്നതും ഏറെ സന്തോഷം തരുന്ന കാര്യം തന്നെയാണ്.
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ എരമമാണ് ഞങ്ങളുടെ സ്വദേശം. ഞാനും, ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം 25 വർഷമായി ഒമാനിലുണ്ട്. വീട്ടിൽ എല്ലാ മതഗ്രന്ഥങ്ങളും ഉണ്ട്. അത് വായിക്കാറും ഉണ്ട്. മനുഷ്യനന്മയാണ് എല്ലാ വിശ്വാസങ്ങളുടേയും ഉള്ളടക്കം. വിശ്വാസികൾക്ക് റമദാൻ പുണ്യമാസത്തിലെ അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ..റമദാൻ നോമ്പിന്റെ പ്രതിഫലം ഞാനാണ് നൽകുന്നത് എന്നറിയിച്ചത് പടച്ചവനാണല്ലോ. നമ്മുടെ നോമ്പുകളെല്ലാം പതിരുകളാകാതെ കതിരുകളായിത്തീരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.