മസ്കത്ത്: യു.എ.ഇയിലെ റാസൽഖൈമയിൽനിന്ന് ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസന്ദത്തേക്കുള്ള ബസ് സർവിസിന് ഇന്ന് തുടക്കമാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റാസൽഖൈമ-മുസന്ദം ബസ് സർവിസ് നടത്തുക. 50 ദിർഹമാണ് (അഞ്ച് ഒമാൻ റിയാൽ) ടിക്കറ്റ് നിരക്ക്. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട) യാണ് ബസ് സർവിസ് ആരംഭിക്കുന്നത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽനിന്ന് ബസ് പുറപ്പെടും. ഇതേസമയം, ഖസബ് വിലായത്തിൽനിന്ന് റാസൽഖൈമയിലേക്കും ബസുണ്ടാകും. അമ്പത് ദിർഹം നിരക്കിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർവരെ സമയമെടുത്ത് യു.എ.ഇക്കും ഒമാനുമിടയിൽ യാത്ര ചെയ്യാം. റാക്ട് വെബ്സൈറ്റ്, റാക് ബസ് മൊബൈൽ ആപ്ലിക്കേഷൻ, റാസൽഖൈമ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകും. റാസൽഖൈമ മെയിൻ ബസ് സ്റ്റേഷനുപുറമെ, അൽറംസ്, ശാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകുമെന്നും റാക്ട അറിയിച്ചു.
അതേസമയം, ഒമാനിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് യു.എ.ഇ-അബൂദബി ബസ് സർവിസിന് തുടക്കം കുറിച്ചിട്ടുണ്ട്. അൽഐൻ വഴി അബൂദബിയിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ടുകൾ ഒരുക്കിയിരിക്കുന്നത്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാലാണ്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിലും 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും.അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കത്തിൽ എത്തും. ദുബൈയിലേക്ക് ഇതുവരെ മുവാസലാത്ത് സർവിസ് ആരംഭിച്ചിട്ടില്ല. മുവാസലാത്തിന്റെ യു.എ.ഇ സർവിസുകൾ പുനരാരംഭിച്ചത് യാത്രാദുരിതം ഒഴിവാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.