ദോഹ: ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം. ബുധനാഴ്ച രാവിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തായിരുന്നു ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. രാവിലെ 6.45ന് അംബാസഡർ ഡോ. ദീപക് മിത്തൽ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. എംബസി അപെക്സ് സംഘടനാ ഭാരവാഹികൾ, വിവിധ കമ്യൂണിറ്റി പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷങ്ങൾ. ദേശീയപതാക ഉയർത്തിയതിനു പിന്നാലെ അംബാസഡർ, രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ റിപ്പബ്ലിക്ദിന സന്ദേശം വായിച്ചു.
തുടർന്ന് അംബാസഡർ ഖത്തറിന്‍റെയും ഇന്ത്യയുടെയും നയതന്ത്ര, സാംസ്കാരിക സൗഹൃദങ്ങൾ പങ്കുവെച്ചും സംസാരിച്ചു. ലോകകപ്പ് വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ഷെറാട്ടൺ ഹോട്ടൽ, ഖത്തർ മ്യൂസിയം എന്നിവിടങ്ങളിൽ ഇന്ത്യയോടുള്ള ആദര സൂചകമായി ത്രിവർണ പതാകയുടെ നിറത്തിൽ ദീപാലംകൃതമാക്കിയതിന് അംബാസഡർ നന്ദി പറഞ്ഞു. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള ഇന്ത്യക്കാരുടെയും സംഘടനങ്ങളുടെയും സേവന പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഖത്തറിലുള്ള ഇന്ത്യക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ എംബസി നടത്തുന്ന ഇടപെടലുകളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'ഇന്ത്യ ഇൻ ഖത്തർ' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതും മറ്റു സേവന പ്രവർത്തനങ്ങളും അദ്ദേഹം വിശദമാക്കി. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ ഇന്ത്യക്കാര്‍ സജീവ പങ്കാളികളാണെന്നും ഇന്ത്യക്കാരുടെ കൂടി ലോകകപ്പായി ഇത് മാറുമെന്നും അംബാസഡർ പറഞ്ഞു.
തുടർന്ന് നൃത്തങ്ങളും ദേശഭക്തിഗാനങ്ങളുമായി സാംസ്കാരിക പരിപാടികളും അരങ്ങേറി. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.