മസ്കത്ത്: ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാർഗനിർദേശങ്ങളും സഹായവും നൽകാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ചും ക്യു.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഓഹരി കമ്പോളത്തിലെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് നിക്ഷേപകർക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കൾക്ക് പുറമെ ഒമാനിലെ എല്ലാ വിദേശികൾക്കും സ്വദേശികൾക്കും ഈയവസരം ഉപയോഗിക്കാം.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ക്യൂ.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സി കൺട്രി മാനേജർ സുശാന്ത് സുകുമാരൻ എന്നിവർ ഇതുസംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ക്യൂ.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സി എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺസ് ജോർജ്, എൻ.ആർ.ഐ ബിസിനസ് ഹെഡ് ആർ.കെ. രഞ്ജിത്ത്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസി. ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ സംബന്ധിച്ചു .
പരമ്പരാഗത മാർഗങ്ങളിൽ നിന്ന് വേറിട്ടതും കൂടുതൽ ആദായം ലഭിക്കുന്നതുമായ നിക്ഷേപ സാധ്യതകൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിക്സൺ ബേബിയും സുശാന്ത് സുകുമാരനും പറഞ്ഞു. ഓരോ നിക്ഷേപ സാധ്യതകളിലെ അവസരങ്ങളും ഓഹരികൾ എപ്പോൾ വാങ്ങണം, വിൽക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ ഉപദേശവും നൽകും.
ശൈഖ് അബ്ദുൽ അസീസ് അൽ ഹുസ്നി ചെയർമാനായുള്ള ഒമാനിലെ പ്രശസ്തമായ സാമ്പത്തിക സേവന ദാതാക്കളാണ് ക്യു.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ്. എൽ.എൽ.സി. ഇക്യുറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നിക്ഷേപ അവസരങ്ങളും സാധ്യതകളുമാണ് ഇവർ നൽകുന്നത്. ഒമാനിൽ രണ്ടുപതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ സെൻട്രൽ ബാങ്ക് നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒമാനിൽ 44 ബ്രാഞ്ചുകളാണ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.