നിക്ഷേപങ്ങൾക്ക്​ അവസരം തുറന്ന്​ തെക്കൻ ബാത്തിന

മസ്കത്ത്: നിക്ഷേപം ആകർഷിക്കുന്നതിനും വിനോദ സഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനുമായി തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ടതായി ഗവർണർ ശൈഖ് ഇസ ബിൻ ഹമദ് അൽ അസ്രി പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ താരിക്കിന്‍റെ ശ്രദ്ധയിൽപെട്ട വികസന പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഗവർണറേറ്റ് ഉദ്ദേശിക്കുന്നത്. പഞ്ചവത്സര പദ്ധതിയിൽ ഒരോ ഗവർണറേറ്റിലേയും വികസന പദ്ധതികൾക്കായി അനുവദിച്ച തുക പത്ത് ദശലക്ഷം റിയാലിൽനിന്ന് ഈ വർഷം മുതൽ 20 ദശലക്ഷം റിയാലായി ഉയർത്തിയിരുന്നു.

ഗവർണറേറ്റിലെ പ്രധാനപ്പെട്ട നിരവധി സ്ഥലങ്ങൾ വികസിപ്പിക്കുന്നതിനായി 36 പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അവയിൽ ചിലത് പൂർത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും അസ്രി അറിയിച്ചു. നാല് ദശലക്ഷം റിയാൽ ചെലവിൽ നിരവധി നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള 11 കരാറുകളിലും ഗവർണറേറ്റ് ഒപ്പുവെച്ചു. പൊതു സേവനങ്ങൾ നൽകാനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും തൊഴിലവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കായി തെക്കൻ ബാത്തിന ഈ വർഷം ഗവർണറേറ്റിലുടനീളം 20 നിക്ഷേപ സൈറ്റുകളും നൽകും.

നിലവിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പദ്ധതികളിൽ റുസ്താഖ് വിലായത്തിലെ ഉൾഭാഗങ്ങളിലേക്കുള്ള റോഡുകളും ഉൾപ്പെടും. മുസന്ന, ബർക്ക വിലായത്തുകളിലെ റോഡ് പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ഗവർണറേറ്റിലെ 329 പ്ലോട്ടുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി വിവിധ വിലായത്തുകളിലായി 13,962 ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 30,411 ഇനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - South Batina open to investment opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.