മസ്കത്ത്: രാജ്യത്ത് വേനൽ ആരംഭിച്ചതോടെ തീപിടിത്ത കേസുകളും റിപ്പോർട്ട് ചെയ്തുതുടങ്ങി. വാഹനങ്ങൾ, വീടുകൾ, ഫാക്ടറികൾ, ഗോഡൗണുകൾ തുടങ്ങിയവക്ക് തീ പിടിച്ച വിവിധ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇതിനിടക്ക് ആശങ്കയിലാഴ്ത്തി കാർഷിക സ്ഥലങ്ങളെയും തീ വിഴുങ്ങുന്നുണ്ട്.
അധികൃതർ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും നിയന്ത്രിക്കാനാകാത്തതിനാൽ തീപിടിത്തം പലപ്പോഴും മാനുഷികവും ഭൗതികവുമായ നഷ്ടത്തിന് കാരണമാകുന്നുണ്ട്. വേനൽകാലത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഏറ്റവും കൂടുതലായി കൈകാര്യം ചെയ്യുന്ന കേസുകളിലൊന്നാണ് ഫാമുകളിലെ തീപിടിത്തം. പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം 873 തീപിടിത്തങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാർഷിക മാലിന്യം, കളകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു തീപിടിത്ത കേസുകളിൽ അധികവും. എന്നാൽ, 2020ൽ ഇതുമായി ബന്ധപ്പെട്ട് 849 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് കൃഷിയിടങ്ങളിൽ തീപിടിത്തത്തിന് പിന്നിലെ പ്രധാന കാരണം. രാസവളങ്ങളും കീടനാശിനികളും നിയുക്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക, നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കുക, സിഗരറ്റ് കുറ്റികൾ സുരക്ഷിതമായ സ്ഥലത്ത് സംസ്കരിക്കുക, മരങ്ങൾക്കോ പുല്ലുകൾക്കോ സമീപം പാചകമോ ബാർബിക്യൂ ചെയ്യുന്നതോ ഒഴിവാക്കുക, സ്ഥലം വിടുന്നതിനു മുമ്പ് തീ കെടുത്തിയെന്ന് ഉറപ്പുവരുത്തുക, കുട്ടികളുടെ കൈകളിൽ തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ കൊടുക്കാതിരിക്കുക, തീ അണക്കാനായി എത്തുന്ന സിവിൽ ഡിഫൻസ്, ആംബുലൻസ് അധികൃതരുമായും പൂർണമായി സഹകരിക്കുക.
തീപിടിത്തമുണ്ടയാൽ 9999 എന്ന എമർജൻസി നമ്പറിലോ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ഓപറേഷൻ സെന്‍റർ നമ്പറായ 24343666 എന്നതിലോ വിളിക്കാം.
അഗ്നിശമന സേനാംഗങ്ങൾ എത്തുന്നതുവരെ തീ അടുത്തുള്ള പുല്ലുകളിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വ്യാപിക്കാതിരിക്കാൻ ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് അണക്കാനും ശ്രമിക്കേണ്ടതാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന അതോറിറ്റിയുടെ പ്രധാന സർവിസുകളിലൊന്നാണ് അഗ്നിശമനസേന. ആധുനിക ഉപകരണങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരുമാണ് ഇതിന്‍റെ കൈമുതൽ. 2013 ജനുവരി എട്ടിന് പുറപ്പെടുവിച്ച രാജകീയ ഉത്തരവുപ്രകാരമാണ് സി.ഡി.എ.എ സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.