മസ്കത്ത്: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന ദിനം ആരംഭിച്ചു. രണ്ടു വർഷക്കാലത്തെ കോവിഡ് ഇടവേളക്കുശേഷമാണ് ഇന്ത്യൻ സ്കൂളുകളിൽ വീണ്ടും മണിമുഴങ്ങിയത്. കഴിഞ്ഞ അധ്യയന വർഷം ഇടക്ക് സ്കൂളുകൾ തുറന്നിരുന്നെങ്കിലും പൂർണരീതിയിൽ പ്രവർത്തിക്കുന്നത് ഈ അധ്യയന വർഷം മുതലാണ്. ഇതോടെ രണ്ടു വർഷമായി ഉറങ്ങികിടക്കുകയായിരുന്ന സ്കൂൾ മുറ്റം ശബ്ദമുഖരിതമായി. ചിണുക്കവും പിണക്കവുമായി കെ.ജിയിലെ കുട്ടികൾകൂടി എത്തിയതോടെ സ്കൂളും പരിസരവും സജീവത വീണ്ടെടുത്തു. ഒമാനിലെ പല സ്കൂളുകളിലും ഞായറാഴ്ചയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ നാളെയാണ് തുറക്കുക.
സ്കൂൾ പൂർണ അർഥത്തിൽ തുറന്നതോടെ മസ്കത്ത് മേഖലയിൽ വൻ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അൽ ഗുബ്റ മേഖലയിൽ ഉണ്ടായ വൻ ഗതാഗത കുരുക്കും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചു. അപ്രതീക്ഷിതമായ ഗതാഗത കുരുക്ക് കാരണം ഒാഫിസിലും ജോലി സ്ഥലത്തും എത്തേണ്ട നിരവധി പേർ വിഷമിച്ചു. എന്നാലും നാടും നഗരവും പഴയ തിരക്ക് വീണ്ടെടുത്തതിൽ സന്തോഷം കൊള്ളുന്നവരും നിരവധിയാണ്.
മസ്കത്ത് മേഖലയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും ഏതാണ്ട് ഒരേസമയത്തുതന്നെ തുറന്നു പ്രവർത്തിക്കുന്നത് സ്കൂൾ യൂനിഫോം വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്ക് അനുഗ്രഹമായി. യൂനിഫോം വിൽപന നടത്തുന്ന ഹൈപർമാർക്കറ്റുകളിലും തുണി വ്യാപാരസ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ആവശ്യക്കാർ വർധിച്ചതോടെ പല സ്ഥാപനങ്ങളിലും സ്റ്റോക്ക് തീർന്നതും കുട്ടികൾക്ക് പ്രയാസം സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.