മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ 12ാം പതിപ്പിന് ശനിയാഴ്ച തുടക്കം. അടുത്ത ബുധനാഴ്ച വരെയായി അഞ്ചു ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. ഫൈനൽ റൗണ്ടിൽ റൈഡര്‍മാര്‍ ജബൽ അഖ്ദറിന്റെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്. അതിൽതന്നെ ആറു കിലോമീറ്റര്‍ ദൂരം 10 ശതമാനത്തിലേറെ ചരിവുള്ളതാണ്.
നേരത്തേ ടൂർ ഓഫ് സമാപനം മത്ര കോര്‍ണിഷിലാണ് നടന്നിരുന്നത്. മിഡിലീസ്റ്റില്‍ സൈക്ലിങ് സീസണിന്റെ ആരംഭത്തിനു കൂടിയാണ് ഒമാന്‍ വേദിയാകുന്നത്. ശനിയാഴ്ച രാവിലെ റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിക്കുന്ന മത്സരം ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററിൽ സമാപിക്കും. 147.4 കിലോമീറ്ററാണ് മത്സര ദൂരം. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാര്‍ക്ക് ചെയ്യരുതെന്ന് ആർ.ഒ.പി നിർദേശിച്ചിട്ടുണ്ട്. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകള്‍ ഇത്തവണ മത്സരത്തിനുണ്ടാകും. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം.
സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഖുറിയാതില് അവസാനിക്കും -174 കിലോമീറ്റര്‍. സമാഇല്‍ വിലായത്തിലെ അല്‍ ഖോബാറില്നിന്ന് ആരംഭിച്ച് ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ അവസാനിക്കുന്നതാണ് മൂന്നാം ഘട്ടം (151.8 കിലോമീറ്റര്‍). ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരം നാലാം ഘട്ടത്തിലാണ് വരുന്നത്.
ഇസ്കിയിലെ ജബല്‍ ഹാതില്‍ ആരംഭിച്ച് യിത്തി മലനിരകളില്‍ അവസാനിക്കുന്ന ഈ ഘട്ടത്തിൽ 204.9 കിലോമീറ്ററാണ് മത്സരാർഥികൾ താണ്ടേണ്ടത്. ജബല്‍ അഖ്ദറിന്റെ ചരിവുകളിലാണ് ഫൈനല്‍. 152.2 കിലോമീറ്ററാണ് ദൂരം. മത്സരത്തിനുള്ള എല്ലാവിധ ഒരുക്കവും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ആവേശം വിതറി ‘മസ്കത്ത് ക്ലാസിക്’
മസ്കത്ത്: ടൂർ ഓഫ് ഒമാനു മുന്നോടിയായി നടന്ന ‘മസ്കത്ത് ക്ലാസിക്’ സൈക്ലിങ് മത്സരത്തിൽ ആർക്കിയ സാംസിക് ടീമിന്റെ ബെൽജിയൻ റൈഡർ ജെന്തെ ബിയർമാൻസ് വിജയിച്ചു. അല്‍ മൗജില്‍നിന്ന് അല്‍ ബുസ്താനിലേക്കുള്ള റോഡിലൂടെയായിരുന്നു മത്സരം. 173.7 കി.മീ. ദൈര്‍ഘ്യം വരുന്ന മസ്കത്ത് ക്ലാസിക്കിൽ പ്രമുഖ താരങ്ങളാണ് മാറ്റുരച്ചത്.
സൈക്ലിസ്റ്റുകൾ കടന്നുപോകുന്ന വഴികളിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മത്സരാർഥികൾക്ക് അഭിവാദ്യമർപ്പിച്ച് വിവിധ സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ആളുകൾ തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.