മസ്കത്ത്: വീഥികൾക്ക് ആഘോഷക്കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് ഒമാന്റെ 12ാം പതിപ്പ് ഫെബ്രുവരി 11 മുതല്‍. ഫൈനൽ റൗണ്ടിൽ സൈക്കിള്‍ റൈഡര്‍മാര്‍ ജബൽ അഖ്ദറിന്റെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്.
അതിൽ തന്നെ ആറു കിലോമീറ്റര്‍ ദൂരം 10 ശതമാനത്തിലേറെ ചരിവുള്ളതാണ്. നേരത്തേ ടൂർ ഓഫ് ഒമാൻ സമാപനം മത്ര കോര്‍ണിഷിലാണ് നടക്കാറുണ്ടായിരുന്നത്. അഞ്ചു ദിവസം നീളുന്നതാണ് ടൂര്‍ ഓഫ് ഒമാന്‍. മിഡിലീസ്റ്റില്‍ സൈക്ലിങ് സീസണിന്റെ ആരംഭത്തിനു കൂടിയാണ് ഒമാന്‍ വേദിയാകുന്നത്. പുതിയ സൈക്ലിങ് പ്രഫഷനലുകളെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു. റുസ്താഖ് കോട്ട മുതല്‍ ഒമാന്‍ കണ്വെന്ഷന് സെന്റര്‍ വരെയാണ് ആദ്യ ഘട്ടം. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഖുറിയാതില് അവസാനിക്കും.
ജബല്‍ ഹാതിലെ അസാധാരണ ചരിവുകളിലൂടെയായിരിക്കും മൂന്നാം ഘട്ടത്തില്‍ താരങ്ങളുടെ റൈഡിങ്. നാലാം ഘട്ടത്തിലാണ് കൂടുതല്‍ ദൂരം പിന്നിടേണ്ടത്. 195.5 കി.മീ. ആണ് താരങ്ങളെ കാത്തിരിക്കുന്നത്. ജബല്‍ അഖ്ദറിന്റെ ചരിവുകളിലാണ് ഫൈനല്‍. ശരാശരി 10.5 ശതമാനം ചരിവുള്ള 5.7 കി. മീറ്ററാണ് ജേതാക്കൾ താണ്ടേണ്ടത്. വിദേശ ടീമുകളോടൊപ്പം ഒമാൻ ദേശീയ ടീമും പങ്കെടുക്കും.
ഈ വർഷം മസ്കത്ത് ക്ലാസിക് എന്ന മത്സരവും നടക്കും. ഫെബ്രുവരി പത്തിനാണ് ഈ മത്സരം. 173.7 കി.മീ. ദൈര്‍ഘ്യം വരുന്നതാണ് മസ്കത്ത് ക്ലാസിക്. അല്‍ മൗജില്‍നിന്ന് അല്‍ ബുസ്താനിലേക്കുള്ള റോഡിലൂടെയാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.