മസ്കത്ത്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും. സുൽത്താനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ ചുമത്തുക. അമേരിക്കന്‍ ഉൽപന്നങ്ങള്ക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബുധനാഴ്ചയാണ് ട്രംപ് നടത്തിയത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉൽപന്നങ്ങള്ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഉൽപന്നങ്ങള്ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന ഇറക്കുമതി തീരുവയും അവരുടെ ഉൽപന്നങ്ങള്ക്ക് അമേരിക്ക ചുമത്താന്‍ ഉദ്ദേശിക്കുന്ന നികുതിയും ഉള്‍പ്പെടെയുള്ള ചാര്‍ട്ട് ഉയര്‍ത്തി കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍, തുടങ്ങിയ രാജ്യങ്ങളുടെ പേരുകളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.
10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യൂറോപ്യൻ യൂനിയന്‍ 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.
യു.കെ ക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക. അതേസമയം, യു.എസ് ഏർപ്പെടുത്തിയ തീരുവ ഒമാനിൽ കുറഞ്ഞ പ്രത്യാഘാതങ്ങൾ മാത്രമേ ഉണ്ടാക്കുകയൊള്ളുവെന്ന് സാമ്പത്തിക മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മാവാലി പറഞ്ഞു. പുതിയ താരിഫുകളിൽനിന്ന് യു.എസ് എണ്ണ, വാതകം, ശുദ്ധീകരിച്ച ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ഒഴിവാക്കിയതിനാൽ ഒമാനിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ആഗോള വ്യാപാരത്തിലെ തടസം, ആഗോള സാമ്പത്തിക വളർച്ചയിലെ മാന്ദ്യം എന്നിവയുൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ ഒമാന്റെ സമ്പദ്വ്യവസ്ഥയിൽ ആഘാതം ഉണ്ടാകാമെന്ന് അൽ മവാലി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ, കുവൈത്ത്, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ എന്നിവയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾക്കും പത്ത് ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഏപ്രിൽ അഞ്ച് മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുമെന്നും ചില രാജ്യങ്ങൾക്ക് ഏപ്രിൽ ഒമ്പത് മുതൽ ഉയർന്ന നിരക്കുകൾ നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
യു.എസ് തീരുവകൾ ബാധിച്ച വ്യാപാര പങ്കാളികളുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനുള്ള സുവർണാവസരമാണ് യു.എസിന്റെ ഉയർന്ന തീരുവചുമത്താനുള്ള പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നത്. സുൽത്താനേറ്റിലെ വിദേശ നിക്ഷേപം വർധിപ്പിക്കാനും ഉയർന്ന യു.എസ് താരിഫ് ചുമത്തൽ പ്രതികൂലമായി ബാധിച്ച മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനുമുള്ള അവസരവും ഇതിലൂടെ ഉടലെടുത്തിരിക്കുകയാണെന്നു അൽ മവാലി വിശദീകരിച്ചു.
ഉയർന്ന താരിഫ് ബാധകമാകുന്ന രാജ്യങ്ങൾക്ക് യു.എസ് വിപണിയിലേക്കുള്ള ഒരു ഗതാഗത, ലോഞ്ചിങ് കേന്ദ്രമായി സുൽത്താനേറ്റിന്റെ സ്ഥാനവും തന്ത്രപരമായ സ്ഥാനവും പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ‘സാമ്പത്തികവും തന്ത്രപരവുമായ പരിഗണനകൾ’ കാരണം ട്രംപ് ഭരണകൂടത്തിന്റെ നേരിട്ടുള്ള താരിഫുകളിൽനിന്ന് ‘മെന’ രാജ്യങ്ങൾ (പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങൾ) സുരക്ഷിതരാണെന്ന് ഫിച്ച് സൊല്യൂഷന്റെ ഗവേഷണ യൂനിറ്റ് ബി.എം.ഐ അതിന്റെ ‘മെന’ പ്രതിമാസ ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.